
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴി ഭക്ഷണം വാങ്ങി കഴിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ധിക്കുകയാണ്. ഹോട്ടലുകളിലെ തിരക്കില്‍ നിന്ന് മാറി വീട്ടിലിരുന്ന് തന്നെ ഹോട്ടല്‍ ഭക്ഷണം കഴിക്കാമെന്നതാണ് പ്രത്യേകത. എന്നാല്‍ ഇത്തരത്തില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്ന ആളുകള്‍ക്ക് വലിയ ഒരു ആശങ്കയാണ് ഭക്ഷണത്തിന്റെ വൃത്തി. ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടിരിക്കുകയാണ് ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോ ഇപ്പോള്‍.
പ്യുവര്‍ വെജ് ബോക്‌സ് എന്ന പുത്തന്‍ പദ്ധതിയാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവരുടെ ആശങ്ക പരിഹരിക്കുന്നതാണ് പുതിയ തീരുമാനം. വെജിറ്റേറിയന്‍സിനായി പ്രത്യേക ഡെലിവെറി വിഭാഗത്തെ തന്നെ നിയമിക്കാനാണ് കമ്പനി തീരുമാനമെന്ന് സൊമാറ്റോ സിഇഒ ദീപിന്ദര്‍ ഗോയല്‍ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി വെജിറ്റേറിയന്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനായി നിയമിക്കുന്നവര്‍ക്ക് സാധാരണ ചുവന്ന ബോക്‌സിന് പകരം പച്ച ബോക്‌സ് ആയിരിക്കും നല്‍കുക. ഇവര്‍ നോണ്‍ വെജ് ഭക്ഷണം വിതരണം ചെയ്യില്ലെന്ന് മാത്രല്ല നോണ്‍വെജ് ഭക്ഷണമുണ്ടാക്കുന്ന ഹോട്ടലുകളിലെ ഒരു ഓര്‍ഡറും ഇവര്‍ സ്വീകരിക്കുകയുമില്ല.
പച്ച ബോക്‌സില്‍ ഭക്ഷണം വിതരണം ചെയ്യുന്ന ജീവനക്കാര്‍ ഡ്യൂട്ടി സമയത്ത് നോണ്‍ വെജ് ഹോട്ടലുകളില്‍ പോലും പ്രവേശിക്കില്ലെന്നും സൊമാറ്റോ അറിയിച്ചു. ലോകത്ത് തന്നെ ഏറ്റവും അധികം വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവര്‍ ഇന്ത്യയിലാണുള്ളത്. തങ്ങള്‍ കഴിക്കുന്ന ഭക്ഷണം കൈകാര്യം ചെയ്യുന്ന രീതി ഇത്തരക്കാര്‍ക്ക് എപ്പോഴും സംശയവും ആശങ്കയും നിറഞ്ഞതാണ്.
അത്തരം സാഹചര്യം ഒഴിവാക്കി പൂര്‍ണ സന്തോഷത്തോടെ തങ്ങളുടെ കസ്റ്റമേഴ്‌സിന് ഭക്ഷണം കഴിക്കാന്‍ കഴിയണമെന്നതാണ് പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നും കമ്പനി അറിയിച്ചു.