
1641ൽ തെക്കൻ ഇംഗ്ലണ്ടിന്റെ തീരപ്രദേശമായ കോൺവാൾ തീരത്ത് മുങ്ങപ്പോയ 'എൽ ഡൊറാഡോ ഓഫ് ദി സീസ്' എന്ന മർച്ചന്റ് റോയൽ കപ്പൽ വീണ്ടെടുക്കാൻ പുതിയ സംഘം. കടലിൽ മുങ്ങുമ്പോൾ 4 ബില്യൺ പൌണ്ട് (42,184,80,00,000 രൂപ) സ്വർണം കപ്പലിൽ ഉണ്ടായിരുന്നതായി കണക്കാക്കുന്നു. 17-ാം നൂറ്റാണ്ടിലെ ഈ കപ്പൽ കണ്ടെത്താൻ നിരവധി നിധിവേട്ട സംഘങ്ങൾ ശ്രമിച്ചിരുന്നു. എന്നാൽ പരാജയമായിരുന്നു ഫലം. എന്നാൽ യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടിബീം സർവീസസ് എന്ന കമ്പനി ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കപ്പൽ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
മുങ്ങിയ കപ്പലിനെ തേടി ഇംഗ്ലീഷ് ചാനലിൽ 200 ചതുരശ്ര മൈൽ പ്രദേശത്ത് പര്യവേക്ഷണം നടത്തുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കപ്പൽ പര്യവേക്ഷണത്തിനായി അത്യാധുനീക സോണാർ സാങ്കേതിവിദ്യ ഉപയോഗിക്കും. കപ്പൽ കണ്ടെത്തിയാൽ ലഭിക്കുന്ന സാമ്പത്തിക ലാഭത്തെക്കാൾ അതിന്റെ ചരിത്ര പ്രാധാന്യത്തിനാണ് വില കൽപ്പിക്കുന്നതെന്ന് കമ്പനി തലവൻ പറയുന്നു. പര്യവേക്ഷണത്തിലൂടെ ലഭിക്കുന്ന നിധി പൈതൃക പുരാവസ്തുവായി കണക്കാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കപ്പൽ താഴ്ന്നുവെന്ന് കരുതുന്ന പ്രദേശത്ത് ആഴക്കൂടുതലും അപകടകരവുമായതിനാൽ തെരച്ചിൽ വലിയ വെല്ലുവിളിയായിരിക്കുമെന്ന് സംഘം കരുതുന്നു.
അടിത്തട്ടിൽ ആയിരക്കണക്കിന് കപ്പൽ അവശിഷ്ടങ്ങളുണ്ടെന്നും അവയിൽ നിന്ന് എൽ ഡൊറാഡോ ഓഫ് ദി സീസ് തിരഞ്ഞെടുക്കുകയെന്നത് ഏറെ ബുദ്ധിമുട്ടാണെന്നും നിഗൽ ഹോഡ്ജ് പറയുന്നു. മറ്റുള്ളവർ പരാചയപ്പെട്ടിടത്ത് തനിക്ക് വിജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുള്ളതായും അദ്ദേഹം പറഞ്ഞു. 1641 സെപ്റ്റംബർ 23ന് അളവറ്റ സ്വർണ്ണവും വെള്ളിയുമായി ഡാർട്ട്മൗത്തലേക്ക് പോകുന്നതിനിടെയാണ് കപ്പൽ അപകടത്തിൽപെട്ട് കടലിൽ താഴ്ന്നത്. മെക്സക്കോയിൽ നിന്നും കരീബിയനിൽ നിന്നും മടങ്ങുന്നതിനിടെ അറ്റകുറ്റപ്പണികൾക്കും ചരക്കുകൾ കയറ്റുന്നതിനുമായി കപ്പൽ സ്പാനിഷ് തുറമുഖമായ കാഡിസിൽ നിർത്തിയിരുന്നു. പിന്നീട് കപ്പൽ തീരം കണ്ടിട്ടില്ല.