ghost

കാറിൽ യാത്ര ചെയ്യാത്ത സ്ത്രീയുടെ ചിത്രം എ ഐ ക്യാമറയിൽ പതിഞ്ഞത് മുമ്പ് വാർത്തയായിരുന്നു. ഇത് പ്രേതമാണെന്നൊക്കെയായിരുന്നു സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചാരണം. പ്രേതത്തിൽ വിശ്വസിക്കുന്ന നിരവധി പേരുണ്ടെന്നതിനാൽ അത്തരത്തിലുള്ള പ്രചാരണവും വളരെയെളുപ്പത്തിൽ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയും ചെയ്യാറുണ്ട്.

ഇപ്പോഴിതാ ഫിലിപ്പീൻസിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ നവമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. ബൈക്ക് യാത്രികന്റെ ഹെൽമെറ്റിലെ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. താൻ റോഡിൽ പ്രേതത്തെ കണ്ടെന്നാണ് ഇയാൾ പറയുന്നത്. മാർച്ച് രണ്ടിനായിരുന്നു സംഭവം.

ശൂന്യമായിരിക്കുന്ന റോഡ്. കുറച്ച് മുന്നിലായി ഒരു രൂപം നിൽക്കുന്നത് വീഡിയോയിൽ കാണാം. വണ്ടി ഈ രൂപത്തിനടുത്തെത്തിയതും അത് പെട്ടെന്ന് അപ്രത്യക്ഷമായി. ബൈക്കിലുണ്ടായിരുന്നവർ ചുറ്റിലും നോക്കിയെങ്കിലും ആരെയും കണ്ടില്ല. പെട്ടെന്ന് തണുത്തൊരു കാറ്റ് അനുഭവപ്പെട്ടിരുന്നുവെന്ന് ബൈക്ക് യാത്രികൻ പറയുന്നു. ഇതൊരു പ്രേതം തന്നെയാണെന്നാണ് ഇവർ വിശ്വസിക്കുന്നത്. വീഡിയോ വൈറലായതോടെ ഇത് എഡിറ്റഡ് ആണോയെന്ന് സംശയം പ്രകടിപ്പിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി.