
ചൂട് കനത്തതോടെ പകൽ സമയങ്ങളിൽ തണുത്ത ജ്യൂസും വെള്ളവുമൊക്കെ പതിവാക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് കൂടുകയാണ്. ചൂടിൽ ആശ്വാസം ലഭിക്കാൻ സോഡാവെള്ളത്തെ ആശ്രയിക്കുന്നവരും ഏറെയാണ്. ഊർജം ലഭിക്കാനും ദാഹം മാറാനും സഹായിക്കുമെന്നതിനാൽ സോഡാനാരങ്ങയാണ് പലർക്കും പ്രിയം. എന്നാൽ സാധാരണക്കാരുടെ പ്രിയ പാനീയമായ സോഡയിലൂടെ ഇരുട്ടടി ലഭിച്ചാലോ? വേനൽകാലത്ത് വിൽപന കൂടുമെന്നതിനാൽ വിലവർദ്ധിപ്പിക്കുന്നതിന് അധികൃതർ ഇപ്പോൾ നോട്ടമിട്ടിരിക്കുന്നത് സോഡയിലാണ്.
സോഡ മാനുഫാക്‌ചറിംഗ് അസോസിയേഷൻ ജില്ലാ കൺവൻഷന്റെ തീരുമാന പ്രകാരം ജില്ലയിൽ സോഡയ്ക്ക് നേരിയ വിലവദ്ധന നിലവിൽ വന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചിരിക്കുകയാണ്. ആറു വർഷമായി സോഡയ്ക്ക് വില കൂട്ടിയിരുന്നില്ല.
300 മില്ലി കുപ്പിക്ക് ഏഴ് രൂപയായിരുന്നത് 10 ആയി. 200 മില്ലി കളർസോഡയുടെ വില ഒമ്പതിൽ നിന്ന് 10 രൂപയാക്കി. കച്ചവടർക്കാർക്കുള്ള ഒരു പെട്ടി 300 മില്ലി സോഡ 102 രൂപയായിരുന്നത് 144 ആക്കി. ഐസ്‌ക്രീം സോഡ 200 മില്ലിയുടേത് 150 ൽ നിന്ന് 180 രൂപയായും 300 മില്ലി പ്ലാസ്റ്റിക് സോഡ 120 രൂപയായിരുന്നത് 160 ആയും ഉയർത്തിയിരിക്കുകയാണ്.