
ഡോ. ഷർമദ് ഖാൻ രചിച്ച 'മരുന്ന് മാത്രമാണോ ചികിത്സ" എന്ന പുസ്തകം ആരോഗ്യ സംരക്ഷണത്തിനുള്ള മാർഗങ്ങളാണ് തുറന്നുകാട്ടുന്നത്. ആയിരത്തോളം ആരോഗ്യ ലേഖനങ്ങൾ വിവിധ മാദ്ധ്യമങ്ങളിൽ പ്രദ്ധീകരിച്ചിട്ടുള്ള ഡോക്ടറുടെ ആദ്യ പുസ്തകമാണിത്. സർക്കാർ ആയുർവേദ ഡോക്ടർ എന്ന നിലയിൽ രണ്ടു ദശകത്തിലധികം കാലത്തെ പരിചയം ഷർമദ് ഖാന് ഈ രചനയ്ക്ക് സഹായകമായിട്ടുണ്ട്. ആരോഗ്യ സംരക്ഷണം രോഗചികിത്സ പോലെ പ്രധാനമാണെന്നും, മരുന്ന് പരമാവധി ഒഴിവാക്കിയുള്ള ചികിത്സ ആധുനിക ജീവിതരീതിയിൽ വളരെ അനിവാര്യമാണെന്നും ഈ ഗ്രന്ഥം അടിവരയിട്ടു പറയുന്നു.
രോഗങ്ങളൊന്നുമില്ലാതെ ജീവിക്കുവാനും, ഏതെങ്കിലും തരത്തിലുള്ള രോഗങ്ങൾ ബാധിച്ചാൽത്തന്നെ പഥ്യമായവ ശീലിച്ചും അപഥ്യമായവ ഒഴിവാക്കിയും പരമാവധി വീര്യം കുറഞ്ഞ മരുന്നുകൾ ഉപയോഗിച്ചും രോഗം വഷളാകാതെ നോക്കേണ്ടതുണ്ടെന്ന അവബോധം ഈ പുസ്തകം നൽകുന്നു. സാധാരണക്കാരുടെ ആരോഗ്യ സംബന്ധമായ നിരവധി സംശയങ്ങൾക്ക് പരിഹാരം കൂടിയാണ് ഡോ. ഷർമദ്ഖാന്റെ ഈ പുസ്തകം.
പല രോഗങ്ങളും മറ്റു രോഗങ്ങൾക്ക് കാരണമാകുകയും, നമ്മൾ കഴിക്കുന്ന മരുന്നുകൾ തന്നെ പ്രതിപ്രവർത്തിച്ച് മാരകരോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഭക്ഷണങ്ങളിലും, ഭക്ഷണശീലങ്ങളിലും ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തി മാത്രമേ മരുന്ന് ഉപയോഗം കുറയ്ക്കാൻ സാധിക്കുകയുള്ളൂ എന്ന് പുസ്തകം വായനക്കാരെ ഓർമ്മിപ്പിക്കുന്നു. സാധാരണക്കാർക്ക് വായിച്ചു ഗ്രഹിക്കാൻ എളുപ്പമായ വിധത്തിൽ വളരെ ലളിതമായ ഭാഷയിലാണ് രചന നിർവഹിച്ചിരിക്കുന്നത്.
അമ്പതോളം രോഗങ്ങളെക്കുറിച്ച്, അവയുടെ കാരണങ്ങൾ, രോഗാവസ്ഥയിൽ അനുഭവപ്പെടാവുന്ന ബുദ്ധിമുട്ടുകൾ, മരുന്ന് കുറയ്ക്കുവാനുള്ള മാർഗ്ഗങ്ങൾ തുടങ്ങിയവ വിശദീകരിക്കുന്നു.
ഇന്ന് സാധാരണയായി കാണുന്ന രോഗങ്ങളാണ് ഇവയെല്ലാം. രോഗത്തെ ശരിയായി കൈകാര്യം ചെയ്യുവാൻ സാധിച്ചില്ലെങ്കിൽ വീര്യം കൂടിയ മരുന്നുകളിലേക്കു തന്നെ പോകേണ്ടിവരും. ആ അവസ്ഥ പരമാവധി ഒഴിവാക്കുവാൻ ഓരോരുത്തരും പാലിക്കേണ്ട കാര്യങ്ങൾക്ക് പ്രാധാന്യം നൽകിയിരിക്കുന്നു. ആരോഗ്യസംരക്ഷണത്തിൽ നിഷ്ഠ പുലർത്തുന്ന ഓരോ കുടുംബത്തിലും അവശ്യം സൂക്ഷിക്കുകയും, ഓരോ കുടുംബാംഗവും വായിക്കുകയും ചെയ്യേണ്ട പുസ്തകമാണ് ഇതെന്നു പറയാം.
പ്രസാധകർ: മെലിൻഡ ബുക്സ്