woman

വലിയ നെറ്റിയുള്ളവർ ഭാഗ്യവാന്മാരാണെന്നും ഇവർക്ക് ബുദ്ധിശക്തി കൂടുതലാണെന്നും പൊതുവെ പറയാറുണ്ട്. പണ്ടുള്ളവർ ഇങ്ങനെ പറയുന്നത് ലക്ഷണശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ്. കാലം മാറിയപ്പോൾ പല പഠനങ്ങളും വന്നു. ഇതിലൂടെ ഈ ശാസ്ത്രത്തിൽ പറയുന്നതിൽ ചിലതൊക്കെ സത്യമാകാറുണ്ടെന്നും കണ്ടെത്തി. അത്തരത്തിൽ ഇപ്പോഴും ജനിച്ച മാസത്തിന്റെയും മുഖത്തിന്റെയും ഒക്കെ പ്രത്യേകതകൾ നോക്കി ഒരാളുടെ ഭാവി വരെ പ്രവചിക്കാൻ സാധിക്കും. അത്തരത്തിൽ ഒരാളുടെ പുരികം നോക്കി അവരുടെ സ്വഭാവത്തിലെ പ്രത്യേകതകൾ കണ്ടെത്തുന്നത് എങ്ങനെയെന്ന് നോക്കാം.

കട്ടിയുള്ള പുരികങ്ങൾ

കട്ടിയുള്ള പുരികമുള്ളവർ പെട്ടെന്ന് ശ്രദ്ധിക്കപ്പെടും. ഇവർ ധാരാളം സംസാരിക്കുന്ന ശീലമുള്ളവരുമായിരിക്കും. ഇവർ ആത്മവിശ്വാസമുള്ളവരാണ്. ആരുടെ മുന്നിലും സ്വന്തം അഭിപ്രായം പറയാൻ മടിയില്ലാത്ത ഇവർക്ക് എല്ലാ മേഖലയിലും കഴിവുണ്ടാകും. എല്ലാത്തിനും നേതൃത്വം നൽകാൻ കഴിവുള്ള ഇവർ, തന്റെ ഭാഗം ന്യായീകരിക്കാൻ വേണ്ടി ഏതറ്റം വരെയും പോകാനും മടി കാണിക്കില്ല. അഭിപ്രായത്തിൽ നിന്ന് ഒരിക്കലും പിന്മാറാത്ത ഇവർ മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിൽ സംസാരിച്ചെന്നും വരാം.

കട്ടി കുറഞ്ഞ പുരികങ്ങൾ

നേർത്ത പുരികങ്ങളുള്ളവർ പൊതുവെ ലോല ഹൃദയമുള്ളവരായിരിക്കും. വളരെ ശാന്തമായിട്ടും മിതമായും സംസാരിക്കുന്ന ഇവർ സ്വയം ജയിക്കാനായി കള്ളം പറയില്ല. ആത്മവിശ്വാസമുള്ള ഇവർ ആരോടും മോശമായി സംസാരിക്കുന്നത് ഇഷ്ടപ്പെടുന്നില്ല. സംസാരം കുറവാണെന്ന് കരുതി ഇവർ ദുർബലരല്ല. എല്ലാ കാര്യത്തിലും വ്യക്തമായ അഭിപ്രായമുള്ള ഇവരുടെ ഓരോ വാക്കും മൂർച്ചയുള്ളതായിരിക്കും. വിശ്വസിച്ച് കാര്യങ്ങൾ പറയാം എന്നതിനാൽ ഇവർക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ടാകും.