purakad-coast

ആലപ്പുഴ: കഴിഞ്ഞദിവസം പുറക്കാട് തീരത്ത് കടൽ ഉൾവലിഞ്ഞത് തീരദേശവാസികൾക്കിടയിൽ വലിയ പരിഭ്രാന്തി പരത്തിയിരുന്നു. എന്നാൽ ആശങ്ക വേണ്ടെന്നും സ്വഭാവിക പ്രതിഭാസമാണ് ഉണ്ടായതെന്നും റിപ്പോർട്ട് നൽകിയിരിക്കുകയാണ് റവന്യൂ, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ. ഇന്നലെ രാവിലെ ആറോടെയായിരുന്നു സംഭവം. പുറക്കാട് ജംഗ്ഷന്റെ ഇരുഭാഗങ്ങളിലുമായി 300 മീറ്ററോളം ദൂരത്ത് 50 മീറ്ററോളം കടൽ ഉൾവലിയുകയായിരുന്നു.

ചാകരയ്ക്ക് മുന്നോടിയായുള്ള സ്വാഭാവിക ഉൾവലിയലാണ് ഇതെന്ന് ചില മത്സ്യത്തൊഴിലാളികൾ പറഞ്ഞിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലെ റിപ്പോർട്ടാണ് അധികൃതർ നൽകിയിരിക്കുന്നത്.

സംഭവം അറിഞ്ഞ് ഇന്നലെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. സുനാമി സമയത്തും മൂന്ന് വർഷം മുമ്പും ഇതുപോലെ കടൽ ഉൾവലിഞ്ഞിരുന്നെന്ന് മത്സ്യത്തൊഴിലാളികൾ അഭിപ്രായപ്പെട്ടിരുന്നു. ചാകര പ്രദേശമായതിനാൽ കടൽ ഉൾവലിഞ്ഞ ഭാഗത്ത് ചെളി നിറയുകയും ചെയ്തു. തീരത്ത് നങ്കൂരമിട്ടിരുന്ന പല വള്ളങ്ങളും ചെളിയിൽ പൂണ്ടു.

മത്സ്യബന്ധനത്തിന് പോയിരുന്ന പല വള്ളങ്ങളും ഈ പ്രദേശത്ത് അടുപ്പിക്കാനാവാതെ മറ്റു സ്ഥലങ്ങളിലേക്ക് പോയി. എന്നാലിപ്പോൾ ചെളി നിറഞ്ഞിരുന്നത് മാറി കടൽതീരം പഴയനിലയിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കടൽ ഉൾവലിയുമ്പോൾ ശക്തമായ തിരമാലകളോടെ തിരിച്ചെത്താറുള്ളതാണ് മത്സ്യത്തൊഴിലാളികളെ പരിഭ്രാന്തരാക്കിയത്. എന്നാൽ തീരദേശ പൊലീസ്, റവന്യൂ, പഞ്ചായത്ത് അധികൃതർ എന്നീ വകുപ്പുകൾക്ക് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ പറയുന്നത്.