k

തിരഞ്ഞെടുപ്പ് ചെലവുകളെക്കുറിച്ചും, അതുമായി ബന്ധപ്പെട്ട ദുഷ്പ്രവണതകളെ കുറിച്ചും കാൽനൂറ്രാണ്ടായി പഠനം നടത്തുന്ന സെന്റർ ഫോർ മീഡിയ സ്റ്റഡീസിന്റെ നിഗമനം അനുസരിച്ച്,​ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊടിപൊടിക്കാൻ പോകുന്നത് 1,20,000 കോടി രൂപയാണ്!

ലോകം ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ പണമൊഴുകുന്ന തിരഞ്ഞെടുപ്പായിരിക്കും ഈ ലോക്‌സഭാ ഇലക്ഷനെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. അതിർവരമ്പുകളെല്ലാം ലംഘിച്ച് കുതിച്ചുയരുന്ന തിരഞ്ഞെടുപ്പ് ചെലവുകളെക്കുറിച്ചും, അതുമായി ബന്ധപ്പെട്ട ദുഷ്പ്രവണതകളെക്കുറിച്ചും ഗവേഷണപരമായ പഠനങ്ങൾ കഴിഞ്ഞ കാൽനൂറ്റാണ്ടായി നടത്തിവരുന്ന സെന്റർ ഫോർ മീഡിയ സ്റ്റഡീസിന്റെ നിഗമനമനുസരിച്ച് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊടിപൊടിക്കാൻ പോകുന്നത് 1,20,000 കോടി രൂപയാണ്!

2019-ലെ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ, രാഷ്ട്രീയ കക്ഷികൾ,​ ഇലക്ഷൻ കമ്മിഷൻ എന്നിവർ ചെലവിട്ട സംഖ്യയുടെ ഇരട്ടിയുള്ള പണപ്രവാഹം ഇത്തവണ ഉണ്ടാകുമെന്നാണ് ഈ പഠനകേന്ദ്രം സാക്ഷ്യപ്പെടുത്തുന്നത്. 1998-ലെ തിരഞ്ഞെടുപ്പിൽ ചെലവഴിച്ച 9000 കോടിയുടെ 14 മടങ്ങോളം വർദ്ധനവാണത്രേ 2024-ൽ സംഭവിക്കാൻ പോകുന്നത്.

ഈ തിരഞ്ഞെടുപ്പിലെ ധനപ്രവാഹം റെക്കാർഡ് സ്കോറിൽ എത്തുന്നതിന്റെ കാരണങ്ങളെ രണ്ടായി തിരിക്കാവുന്നതാണ്. തിരഞ്ഞെടുപ്പുകൾക്ക് പൊതുവായി ബാധകമായ രാഷ്ട്രീയ- സാമ്പത്തിക തത്വങ്ങളുമായി ബന്ധപ്പെട്ട കാരണങ്ങളും,​ ഈ ഇലക്ഷനിലെ ചില പ്രത്യേക ഘടകങ്ങൾ കാരണമുള്ള ചെലവും!

ഉത്സവവും

യുദ്ധവും

ഒരർത്ഥത്തിൽ യുദ്ധവും ഉത്സവവും സംഗമിക്കുന്ന പ്രതിഭാസമാണ് ഇലക്ഷൻ. അത്ഭുത സിദ്ധികളുള്ള അധികാരമെന്ന മാന്ത്രിക ദണ്ഡ്, സർവ സന്നാഹവുമിറക്കി കയ്യടക്കാനുള്ള യുദ്ധമാണ് തിരഞ്ഞെടുപ്പിൽ സംഭവിക്കുന്നത്. ധാരാളിത്തത്തിന്റെ ധനശാസ്ത്രമാണ് എല്ലാ യുദ്ധങ്ങളെയും നയിക്കുന്നത്. ദൗർലഭ്യം എന്ന സംജ്ഞയ്ക്ക് ഇവിടെ സാംഗത്യമില്ലാതാകുന്നു. രാഷ്ട്രങ്ങൾ തമ്മിലുള്ള പോരിൽ ഓരോ ദേശവും ഏതു വിധേനയും സാമ്പത്തിക പ്രവാഹം ഉറപ്പാക്കിയിരിക്കും. ഇതു തന്നെയാണ് തിരഞ്ഞെടുപ്പിലും സംഭവിക്കുന്നത്.

യുദ്ധത്തിൽ ഉത്സവത്തിനും സ്ഥാനമുണ്ട്. കുരുക്ഷേത്ര യുദ്ധത്തിന്റെ കാര്യമെടുക്കാം. ഓരോ ദിനത്തിലും യുദ്ധം ആരംഭിക്കുന്നത് വാദ്യഘോഷങ്ങളോടെയായിരുന്നു. പടയാളികളുടെ മനോവീര്യവും ആവേശവും ഉച്ചസ്ഥായിലെത്തിക്കാൻ ആട്ടവും പാട്ടും വാദ്യം മുഴക്കലും സജീവ സാന്നിദ്ധ്യമായി നിലകൊണ്ടിരുന്നു. ഇതേ ഉത്സവത്തിമിർപ്പ് തന്നെയാണ് തിരഞ്ഞെടുപ്പു പോരിലും പ്രകടമാകുന്നത്. പ്രവർത്തകർ, അനുഭാവികൾ, സമ്മതിദായകർ എന്നിവരുടെ പ്രീതിയും ആവേശവും ഉത്സാഹവും പോരാട്ടവീര്യവും കൊടുമുടിയിൽ എത്തിച്ചാലേ തിരഞ്ഞെടുപ്പു യുദ്ധത്തിൽ വിജയിക്കാനാവൂ! പോസ്റ്ററുകൾ, നോട്ടീസുകൾ, കൊടിതോരണങ്ങൾ, ഫ്ളെക്സുകൾ, ഗാനങ്ങൾ, പാരഡികൾ,​ വാദ്യഘോഷങ്ങൾ, മൈക്ക് ആഹ്വാനങ്ങൾ, റാലികൾ എന്നിവയിലൂടെ സൃഷ്ടിക്കപ്പെടുന്നത് സാന്ദ്രമായൊരു ഉത്സവാന്തരീക്ഷം തന്നെയാണ്. യുദ്ധത്തെപ്പോലെ ഉത്സവത്തിനും ബാധകമാകുന്നത് സമൃദ്ധിയുടെ സാമ്പത്തിക ശാസ്ത്രമാണ്. സ്വാഭാവികമായും ധനം അണമുറിഞ്ഞൊഴുകുന്നു.

പഴയ തിരഞ്ഞെടുപ്പുകളിൽ നിന്ന് പുതിയതിലെ പണമൊഴുക്കിന് ആക്കം കൂട്ടുന്ന ഘടകങ്ങളുമുണ്ട്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നയിക്കുന്ന ചേതോവികാരം ഒന്നുതന്നെയാണ്. ഭരണക്കാരെ സംബന്ധിച്ചിടത്തോളം മൂന്നാം തവണയും ജയിക്കാനായാൽ അതൊരു ശാശ്വത പ്രവണതയായി തീരുമെന്ന വിശ്വാസമാണ്. ഇതേ കാരണം തന്നെയാണ് പ്രതിപക്ഷത്തെയും ചൊടിപ്പിക്കുന്നത്. സ്വാഭാവികമായും പോരാട്ടം കടുക്കുകയും ഉത്സവം കൊഴുക്കുകയും ചെയ്യും.

കോടീശ്വരന്മാർ

സ്ഥാനാർത്ഥികൾ

തിരഞ്ഞെടുപ്പ് ചെലവുകൾ ഇങ്ങനെ അന്തമില്ലാതെ ഉയരുന്ന സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ കണ്ടെത്തിയ ഒരു സ്രോതസ്സാണ് സെൽഫ് ഫിനാൻസിംഗ് സ്ഥാനാർത്ഥികൾ എന്നത്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ബി.ജെ.പി എം.പിമാരിൽ 10 പേരിൽ ഒമ്പതു പേരും കോടിപതികളായിരുന്നു, കോൺഗ്രസിൽ 10 എം.പിമാരിൽ 8 പേരും ഇത്തരക്കാരായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് ലോക്സഭാ തിരഞ്ഞെടുപ്പുകളെക്കുറിച്ച് 'ഇന്ത്യ ടുഡേ' നടത്തിയ പഠനത്തിൽ തെളിഞ്ഞത്, സ്ഥാനാർത്ഥികൾ കൂടുതൽ ധനവാന്മാരാകുന്നത് അവരുടെ വിജയ സാദ്ധ്യത ഉയർത്തുന്നുവെന്നാണ്. സ്വാഭാവികമായും പണത്തിന്റെ പ്രളയം സൃഷ്ടിക്കപ്പെടേണ്ട തിരഞ്ഞെടുപ്പിൽ ധനാഢ്യരായ സ്ഥാനാർത്ഥികളുടെ അനുപാതം വീണ്ടുമുയരും.

ഇത്തവണ സ്ഥാനാർത്ഥികളുടെയും പാർട്ടികളുടെയും ചെലവുകൾ ഉയർത്തുന്ന മറ്റൊരു ഘടകം ഡിജിറ്റൽ പ്രചാരണങ്ങളുടെ വേലിയേറ്റമാകും. 2019- ലെ ഇലക്ഷനിൽ ബന്ധപ്പെട്ടവർ ഈ ഇനത്തിൽ 5000 കോടി രൂപ ചെലവഴിച്ചിരുന്നു; ഇപ്പോഴത് അഞ്ചിരട്ടിയായെങ്കിലും വർദ്ധിക്കും. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയുള്ള സന്ദേശങ്ങളിലൂടെയും, ഇത്തരം തട്ടകങ്ങളിൽ വലിയ അനുയായിവൃന്ദമുള്ളവരുടെ സ്വാധീനം വഴിയും സമ്മതിദായകരെ തങ്ങൾക്ക് അനുകൂലമാക്കിയെടുക്കാനുള്ള പ്രവർത്തനങ്ങളിൽ സജീവമാണ് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും.

വൻ സാദ്ധ്യതകളുള്ള നിർമ്മിത ബുദ്ധിയുടെ സങ്കേതങ്ങൾ ഉപയോഗിച്ചുള്ള നൂതന പ്രചാരണ പരിപാടികളും സ്വാധീനവലയം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളും തകൃതിയായി നടന്നുവരുന്നു. സ്വാഭാവികമായും ഈ വഴിക്കുള്ള പണപ്രവാഹവും സംഭവിക്കുന്നു. ചുരുക്കത്തിൽ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയതും വൻ പണപ്രവാഹം സംഭവിക്കുന്നതുമായ തിരഞ്ഞെടുപ്പാകും,​ ഇതെന്നു തീർച്ച.