
ആലപ്പുഴ: ആൾ താമസം ഇല്ലാത്ത വീടുകൾക്കും ഹരിതകർമ്മ സേന കളക്ഷൻ ഫീസ് ഈടാക്കുന്നതിനെതിരെ പ്രതിധേഷം ഉയരുന്നു.ആലപ്പുഴ നഗരസഭയിൽ 52 വാർഡുകളിൽ 135 ഹരിതകർമ്മ സേനാ അംഗങ്ങളാണ് ഉള്ളത്. ഓരോ വാർഡിലും സേനാ അംഗങ്ങൾ വീടുകളിൽ എത്തിയാണ് പ്ളാസ്റ്റിക്ക് കളക്റ്റ് ചെയ്യുന്നത്. ഇതിന്റെ കളക്ഷൻ ഫീസായി 60രൂപയാണ് പ്രതിമാസം വീടുകളിൽ നിന്ന് വാങ്ങുന്നത്. താമസം ഇല്ലാത്തതും അടങ്ങു കിടക്കുന്നതുമായ വീടുകളുടെ വിവരം നഗരസഭയിൽ അറിയിക്കണമെന്നാണ് സേനക്ക് നൽകിയിട്ടുള്ള നിർദ്ദേശം. പ്ളാസ്റ്റിക്ക് ഉപയോഗിക്കാത്ത രണ്ട് അംഗങ്ങൾ മാത്രമുള്ള വീടുകളിൽ നിന്നുപോലും കളക്ഷൻ ഫീസ് വാങ്ങുന്നുണ്ട്. ഇത്തരത്തിൽ കളക്ഷൻ ഫീസ് ചോദിച്ചതിനെച്ചൊല്ലി തർക്കങ്ങളും പതിവാണ്. കഴിഞ്ഞ ദിവസം നഗരസഭയിലെ ഗുരമന്ദിരം വാർഡിൽ വീട്ടുടമയും സേനാഅംഗങ്ങളും തമ്മിൽ തർക്കമുണ്ടായി.ഇത് സംഘർഷത്തിന്റെ വക്കോളം എത്തിയിരുന്നു.
ഒന്നിലധികം വീടുകളുള്ളവർക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. താമസം ഇല്ലെങ്കിലും കളക്ഷൻ ഫീസ് നൽകണം. കളക്ഷൻ ഫീസ് അടച്ച രസീത് കാണിച്ചാൽമാത്രമേ കെട്ടിട നികുതി ഉൾപ്പെടെയുള്ള സേവനങ്ങൾ കെട്ടിട ഉടമയ്ക്ക് ലഭിക്കുകയുള്ളു. പ്രതിവർഷം 100രൂപവരെ കെട്ടിട നികുതി അടക്കുന്ന വീടുകൾക്ക് കളക്ഷൻ ഫീസായി നൽകേണ്ടത് 720രൂപയാണ്.
"നിലവിലുള്ള നിയമം അനുസരിച്ച് ഓരോ വീടുകൾക്കും കളക്ഷൻ ഫീസ് ഈടാക്കാനാണ് സർക്കാർ നിർദ്ദേശം. തീരെ ബുദ്ധിമുട്ട് ഉള്ളവരെ ഒഴിവാക്കാൻ വാർഡുതല സമിതി ലിസ്റ്റ് തയ്യാറാക്കി ,ഗ്രാമസഭയുടെ അനുമതിയോടെ ഒഴിവാക്കാൻ കഴിയൂ. നിലവിൽ അത്തരത്തിലുള്ള തീരുമാനം എടുത്തിട്ടില്ല. കളക്ഷൻ ചാർജ്ജ് കൊടുത്തില്ലെങ്കിൽ ഇത് ബാധ്യതയായി കിടക്കും.
പി.എസ്.എം.ഹുസൈൻ, വൈസ് ചെയർമാൻ, നഗരസഭ