
കൊച്ചി: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനിയായ ഡോക്ടർ ഷഹന ആത്മഹത്യചെയ്ത സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സഹപാഠി ഡോ. റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. പഠനം തുടരാൻ അനുവദിച്ചുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തടയുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി.
റുവൈസിന്റെ സസ്പെൻഷൻ മൂന്നുമാസത്തേക്ക് കൂടി നീട്ടാൻ കോളേജ് നേരത്തേ തീരുമാനിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കാൻ സർക്കാർ പ്രത്യേക കമ്മിറ്റിയെയും നിയോഗിച്ചിരുന്നു. കമ്മിറ്റി ഒരാഴ്ചയ്ക്കകം അച്ചടക്ക നടപടി പുനഃപരിശോധിച്ച് തീരുമാനമെടുക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശിക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ ഡിസംബറിലാണ് ഷഹനയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിത്. വിവാഹത്തിൽ നിന്ന് റുവൈസ് പിന്മാറിയതായിരുന്നു കാരണം. സ്ത്രീധനത്തിന് വേണ്ടിയുള്ള വിലപേശലും തുടർന്നുള്ള കലഹവും കാരണം മാനസിക സമ്മർദ്ദത്തിലായ ഷഹനയ്ക്ക് ജീവിക്കാനുള്ള അവസാനപ്രതീക്ഷയും നഷ്ടപ്പെടുത്തിയത് റുവൈസിന്റെ നിഷ്ഠൂരമായ പെരുമാറ്റമെന്ന് വ്യക്തമാക്കുന്ന തെളിവുകളും പുറത്തുവന്നിരുന്നു. തനിക്ക് ഈ വിഷമം താങ്ങാനാകില്ലെന്നും ആത്മഹത്യ ചെയ്യുമെന്നും ഷഹന റുവൈസിന് വാട്സാപ്പിൽ സന്ദേശമയച്ചിരുന്നു. എന്നാൽ റുവൈസ് ഉടൻ വാട്സാപ്പ് ബ്ലോക്ക് ചെയ്തു. ഇതോടെ ആകെ തകർന്നുപോയ ഷഹന അന്ന് രാത്രിയിലാണ് ജീവനൊടുക്കിയത്.
ഒ.പി ടിക്കറ്റില്‍ എഴുതിയ ആത്മഹത്യാക്കുറിപ്പും ഷഹനയുടെ മാതാവിന്റെ മൊഴിയും പരിഗണിച്ചാണ് റുവൈസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.'സ്ത്രീധന മോഹം കാരണം ഇന്ന് എന്റെ ജീവിതമാണ് അവസാനിപ്പിക്കുന്നത്...വിവാഹ വാഗ്ദാനം നല്‍കി എന്റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്റെ ഉദ്ദേശ്യം. ഒന്നര കിലോ സ്വര്‍ണവും ഏക്കറ് കണക്കിനു ഭൂമിയും ചോദിച്ചാല്‍ കൊടുക്കാന്‍ എന്റെ വീട്ടുകാരുടെ കയ്യില്‍ ഇല്ലായെന്നുള്ളത് സത്യമാണ്...' ആത്മഹത്യാക്കുറിപ്പിലെ ഈ പരാമര്‍ശമാണ് റുവൈസിന്റെ അറസ്റ്റിലേക്ക് നയിച്ചത്.