v-sivankutty

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് കരിങ്കല്ലുമായി പോയ ലോറിയിൽ നിന്ന് പാറക്കല്ല് തെറിച്ചു തലയിൽ വീണതിനെത്തുടർന്ന് മരണപ്പെട്ട ബിഡിഎസ് വിദ്യാർത്ഥി അനന്തുവിന്റെ കുടുംബത്തിന് സർക്കാർ സഹായം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. അനന്തുവിന്റെ കുടുംബത്തെ സന്ദർശിച്ചതിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തി വേണ്ട തീരുമാനം കൈകൊള്ളും. അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് സഹായം നൽകണം. ബിഡിഎസ് വിദ്യാർത്ഥിയായ അനന്തു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു. അതുകൂടി പരിഗണിച്ചുകൊണ്ടാകണം അദാനി ഗ്രൂപ്പ് നഷ്ടപരിഹാരം നൽകേണ്ടത്. സംഭവത്തിൽ വിശദമായ അന്വേഷണം ഉണ്ടാവും. ഒരു കുട്ടിയുടെ കാല് മുറിക്കേണ്ടിവന്നതടക്കം ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ഉണ്ടാകുന്നുവെന്ന് നാട്ടുകാർ പരാതിപ്പെടുന്നുണ്ട്.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള നിർമാണ പ്രവ‌ർത്തനങ്ങൾ അനുവദിക്കാനാവില്ല. വിഴിഞ്ഞം തുറമുഖ നിർമാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. എന്നാൽ ജനങ്ങളുടെ സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്‌‌ച ചെയ്യാനാവില്ല. ചൂണ്ടിക്കാട്ടപ്പെടുന്ന വിഷയങ്ങൾ എല്ലാം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു'- മന്ത്രി പറഞ്ഞു.

ഇന്നലെ രാവിലെ എട്ട് മണിയോടെ മുക്കോല -ബാലരാമപുരം റോഡിൽ മണലിവിള മുള്ളുമുക്കിലായിരുന്നു സംഭവം. കോളേജിൽ പോകാനായി ബാലരാമപുരത്തേക്ക് സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു അനന്തു. എതിർ ദിശയിൽനിന്നു വരികയായിരുന്ന ലോറിയിൽ അമിതമായി കരിങ്കല്ലു കയറ്റിയിരുന്നു. അതിൽനിന്നു തെറിച്ചുവന്ന വലിയകല്ല് അനന്തുവിന്റെ തലയുടെ മുൻഭാഗത്ത് ഇടിച്ച് നെഞ്ചിൽ പതിച്ചശേഷം സ്കൂട്ടറിന്റെ ഹാൻഡിലിൽ വീഴുകയായിരുന്നു. അതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടർ സമീപത്തെ മതിലിൽ ഇടിച്ചു മറിഞ്ഞു.


അദാനി തുറമുഖത്തിനായി ടെട്രാപോഡ് നിർമ്മിക്കുന്ന കേന്ദ്രത്തിനുമുന്നിലെ റോഡിലെ കുഴിയിൽ വീണപ്പോഴാണ് ലോറിയിൽ നിന്നു കരിങ്കല്ല് തെറിച്ചത്. 20 കിലോഗ്രാമോളം ഭാരമുള്ള കല്ലിന്റെ വീഴ്ചയിൽ അനന്തുവിന്റെ ഹെൽമെറ്റ് തകർന്നു. നെഞ്ചിന്റെ ഭാഗത്തെ എല്ലുകൾ പൊട്ടുകയും ഹൃദയം, കരൾ അടക്കമുള്ള ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. രക്തത്തിൽ കുളിച്ചുകിടന്ന അനന്തുവിനെ ഓടിക്കൂടിയ നാട്ടുകാർ 108 ആംബുലൻസിൽ നിംസ് ആശുപത്രിയിൽ എത്തിച്ചു. വെന്റിലേറ്ററിൽ തുടരവെ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.