photo

കൊയിലാണ്ടി: സ്റ്റേഡിയത്തിൽ യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കുറുവങ്ങാട് അണേല ഊരാളി വീട്ടിൽ അമൽ സൂര്യ (25) ആണ് മരിച്ചത്. ഇന്നലെ രാവിലെ 5.30 ന് സ്റ്റേഡിയത്തിൽ വ്യായാമത്തിനായി എത്തിയവരാണ് സ്റ്റേഡിയത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തുള്ള ഡ്രെയിനേജിൽ തലകീഴായി കിടക്കുന്ന ആളെ കണ്ടത്. ഉടൻ തൊട്ടടുത്തുള്ള ഫയർ ഫോഴ്സ് ജീവനക്കാരെ അറിയിക്കുകയായിരുന്നു. അവർ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മൃതദേഹത്തിനരികെ അർദ്ധബോധാവസ്ഥയിലുണ്ടായിരുന്ന മൻസൂറിനെ താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് മെഡിക്കൽ കോളേജിലേക്കും മാറ്റി. മൂന്നാമതൊരാൾ സംഭവ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായും വിവരമുണ്ട്. സംഭവ സ്ഥലത്ത് സിറിഞ്ചുകളും സൂചികളും കണ്ടെത്തി. വടകര ഡിവൈ.എസ്.പി കെ. വിനോദ് കുമാർ, സി.ഐ മെൽവിൻ ജോസ്, എസ്.ഐ കെ. രാജീവൻ, ഫിംഗർപ്രിന്റ്, ഫോറൻസിക്, നർക്കോട്ടിക് വിഭാഗം എന്നിവരും പരിശോധന നടത്തി. ഊരാളി വീട്ടിൽ പ്രജിത്തിന്റെയും ഗംഗയുടെയും മകനാണ്. ഭാര്യ: ഗോപിക, മകൻ: സ്റ്റാലിൻ സൂര്യ.