കോങ്ങാട്: ജ്വല്ലറി ഉടമയെ ആക്രമിച്ചു കണ്ണിൽ മുളക് പൊടി എറിഞ്ഞു മോഷണം. നാട്ടുകാർ പിന്തുടർന്ന് പിടികൂടി മോഷണ സംഘത്തെ പൊലീസിൽ ഏൽപ്പിച്ചു. സംഘത്തിൽ ആറു പേരുണ്ടായിരുന്നു. കോങ്ങാട് പാറശ്ശേരിയിൽ തിങ്കളാഴ്ച രാത്രി ഒൻപത് മണിക്കാണ് സംഭവം. പെരിങ്ങോട് ജ്വല്ലറി ഉടമയായ പാറശ്ശേരി വെട്ടം പറമ്പത്ത് ബാബു(42)വിനെയാണ് ആക്രമിച്ചത്. കട അടച്ച ശേഷം തന്റെ ഇരു ചക്ര വാഹനത്തിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബാബുവിനെ മൂന്ന് ഇരു ചക്ര വാഹനങ്ങളിലായി പിന്തുടർന്നെത്തിയ അക്രമി സംഘം വാഹനം തടഞ്ഞു നിർത്തി മർദ്ദിച്ചു കണ്ണിൽ മുളക് പൊടിഎറിഞ്ഞു സ്വർണം അടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു. ബാഗിൽ 60ഗ്രാം സ്വർണവും തന്റെ കഴുത്തിൽ അണിഞ്ഞ ഒരു പവൻ സ്വർണ മാലയും നഷ്ടപ്പെട്ടതായി ബാബു പറഞ്ഞു. പാറശ്ശേരിയിൽ നിന്ന് മഞ്ഞപ്പാറ കുണ്ടുവംപാടം റോഡ് വഴി കടന്നു കളഞ്ഞ ആക്രമി സംഘത്തെ കുണ്ടുവം പാടം മുർഖൻ കുളത്ത് വെച്ച് നാട്ടുകാർ പിടികൂടി കോങ്ങാട് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പെരിങ്ങോട് പാറശ്ശേരി ഗോകുൽ (26), തിരു നാരായണപുരം വെള്ളിനഴി രാഹുൽ(22), ശ്രീകൃഷ്ണപുരം വലമ്പിലി മംഗലം ചോല കുണ്ടിൽ ഹൗസിൽ ശ്രീകുട്ടൻ (22), കരിമ്പുഴ തോട്ടര എളയിടത്ത് വീട്ടിൽ അബ്ദുൾ മുബഷിർ(23), ചീരക്കുഴി കോട്ടപ്പുറം അബ്ദുൾറഷീദ് (22) മുഹമ്മദ് ഹാഷിം, കടമ്പഴിപ്പുറം കല്ലുവെട്ടുകുഴി മുഹമ്മദ് ഷാമിൽ (19) എന്നിവരെ നാട്ടുകാരുടെ സംയോജിത ഇടപെടലും ജാഗ്രതയും മൂലം പിടികൂടാനായത്. പ്രതികളെ കോടതിയിൽ റിമാൻഡ് ചെയ്തു.