തലശേരി: ഭർതൃവീട്ടിലെ പീഡനം കാരണം നവവധു ആത്മഹത്യ ചെയ്ത കേസിൽ പ്രതികളായ കണ്ടംകുന്നിലെ പുത്തൻപുരയിൽ വിവേക് (29), അമ്മ ലീല (58) എന്നിവരെ കുറ്റക്കാരെല്ലെന്ന് കണ്ട് നാലാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ജെ. വിമൽ വെറുതെ വിട്ടു. കൂത്തുപറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കണ്ടംകുന്ന് രാമപുരത്തിൽ ജിജി നിവാസിൽ ദാസന്റെ മകൾ ജിൻസി (22) യെയാണ് ഭർതൃവീട്ടിനടുത്തുള്ള കശുമാവിൻ കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2013 മാർച്ച് 18നാണ് ജിൻസി ആത്മഹത്യ ചെയ്തത്. 2013 ജനുവരി 28 നാണ് ജിൻസിയേയും കൂട്ടി വിവേക് സ്വന്തം വീട്ടിലെത്തിയത്. തൊട്ടടുത്ത ദിവസം രാമപുരത്തെ ശിവക്ഷേത്രത്തിൽ വെച്ച് ഇരുവരും വിവാഹിതരായി. മൂരിയാട്ടെ ഷാജി നിവാസിൽ കെ. സജീവന്റെ പരാതി പ്രകാരമാണ് പൊലീസ് കേസ് എടുത്തത്. തലശ്ശേരി എ.എസ്.പി. ധീരജ് കുമാർ ഗുപ്തയാണ് കേസന്വേഷണം നടത്തി പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ പി.എം. സജിത, മിനിഷ, എം. ഡയാന എന്നിവർ ഹാജരായി.