
തലയോലപ്പറമ്പ്: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള തലയോലപ്പറമ്പ് തിരുപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ 24 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വടയാർ ഇളങ്കാവ് ദേവീ ക്ഷേത്രത്തിലെ സബ് ഗ്രൂപ്പ് ഓഫീസർ ആയിരുന്ന കരിപ്പാടം കാഞ്ഞിരപ്പറമ്പിൽ വിഷ്ണു കെ.ബാബു (31)വിനെയാണ് തലയോലപ്പറമ്പ് പൊലിസ് പിടികൂടിയത്. ഇയാൾ തിരുപുരം ക്ഷേത്രത്തിലെ സബ് ഗ്രൂപ്പ് ഓഫീസറായി ജോലിനോക്കിയിരുന്ന 2019 മുതൽ 2022 വരെയുള്ള കാലയളവിൽ ക്ഷേത്രത്തിലേക്ക് ഭക്തരിൽ നിന്നും ലഭിച്ച വരുമാനത്തിൽ നിന്നും 24 ലക്ഷം രൂപ ദേവസ്വം ബോർഡിന്റെ ബാങ്ക് അക്കൗണ്ടിൽ അടയ്ക്കാതെ കൈവശപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മാസം നടത്തിയ ഓഡിറ്റിംഗിൽ ക്രമക്കേട് കണ്ടെത്തുകയും ഇയാളെ ദേവസ്വം ബോർഡ് ഒരാഴ്ച മുമ്പ് സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു. തുടർന്ന് തിരുപുരം ക്ഷേത്രത്തിലെ ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ഓഫീസർ തലയോലപ്പറമ്പ് പൊലീസിൽ പരാതി നൽകി. പൊലീസ് കേസ് എടുക്കുകയും തലയോലപ്പറമ്പിലെ ബന്ധുവീട്ടിൽ നിന്നും ഇന്നലെ രാവിലെ പിടികൂടുകയുമായിരുന്നു. വിഷ്ണു സബ് ഗ്രൂപ്പ് ഓഫീസറുടെ ചുമതല വഹിച്ചിട്ടുള്ള ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രം, ഇടവട്ടം പള്ളിയറക്കാവ് ദേവീ ക്ഷേത്രം എന്നിവിടങ്ങളിലും ക്രമക്കേട് നടത്തിയിട്ടുണ്ടോയെന്നതിനെക്കുറിച്ച് ദേവസ്വം ബോർഡ് ഓഡിറ്റിംഗ് ആരംഭിച്ചിട്ടുണ്ട്. വൈക്കം മഹാദേവക്ഷേത്രത്തിൽ സാമ്പത്തിക ക്രമക്കേട് നടത്തിയതിന് മുൻപ് ഇയാൾ നടപടി നേരിട്ടിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.