
''അത്ര പഴക്കമുള്ള സംഭവമൊന്നുമല്ല, എന്നാലും സംഗതിയൊരു സംഭവം തന്നെയായിരുന്നു!"" നിറഞ്ഞ ചിരിയോടെയാണ് പ്രഭാഷകൻ സദസ്യരെ നോക്കി ഇപ്രകാരം പറഞ്ഞത്. അല്പം പൊടിപ്പും തൊങ്ങലും വച്ചാണ് പ്രഭാഷകന്റെ സംസാരമെന്ന് സദസ്യർക്കറിയാമെങ്കിലും പറയാൻ പോകുന്ന വിശേഷങ്ങളും വർണ്ണനകളും തങ്ങളുടെ ജീവിതത്തിന് വെളിച്ചം പകരുന്നതും ഉൾക്കാഴ്ച്ച തരുന്നതുമായിരിക്കുമെന്ന് അറിയാവുന്നതിനാൽ അവർ പ്രതീക്ഷകളുടെ നിറപുഞ്ചിരിയോടെ പ്രഭാഷകന്റെ വാക്കുകൾക്കു കാതോർത്തു.
അദ്ദേഹം തുടർന്നു: ''ഞാൻ നിങ്ങളുടെ ശ്രദ്ധ, മഹാനായ കലാകാരൻ ചാർളി ചാപ്ലിന്റെ വിശ്വപ്രസിദ്ധമായചില വാക്കുകളിലേക്ക് ക്ഷണിക്കുകയാണ്- 'ജീവിതത്തിൽ എല്ലാവരെയും ചിരിപ്പിക്കാൻ ശ്രമിക്കുക, എന്നാൽ, ആരുടേയും സങ്കടം കണ്ട് ചിരിക്കാതിരിക്കുക!" നമ്മുടെ ശത്രുവിനെ എന്തിന് ചിരിപ്പിക്കണമെന്നാകും നിങ്ങളിപ്പോൾ ചിന്തിക്കുന്നത്. നമ്മുടെ ചെലവിൽ ശത്രുക്കൾ അത്ര ചിരിക്കണോയെന്നാവും മറ്റൊരു ചിന്ത! അതോ, ശത്രുവിന്റെ സങ്കടം കണ്ട് എന്തിനു നാം ചിരിക്കാതിരിക്കണമെന്നാണോ! ഇങ്ങനെ പലവഴികളിലേക്കുംചിന്തകൾ പോകുന്നത് മനുഷ്യസഹജമാണെങ്കിലും ആരാണ് ശരിക്കും നിങ്ങളുടെ ശത്രുവെന്ന് ആലോചിച്ചിട്ടുണ്ടോ?
നിങ്ങളിപ്പോൾ ചുറ്റാകെയുള്ളവരിൽ ആരെയെങ്കിലുമൊക്കെ ചൂണ്ടിക്കാണിക്കുമായിരിക്കാം. ഒന്നാലോചിച്ചാൽ, ലോകത്ത് വ്യക്തികൾ തമ്മിൽ ഇന്നോളം ഉണ്ടായിട്ടുള്ള എല്ലാ ശത്രുതകളും തെറ്റിദ്ധാരണകൾ മൂലമാണ്. ഈയിടെ ഞാൻ ചില സുഹൃത്തുക്കൾക്ക് അവരുടെ യഥാർത്ഥ ശത്രുക്കളെ കാണിച്ചുകൊടുത്തിരുന്നു. പക്ഷേ, അവർ കാണുമ്പോൾ അവരുടെ ശത്രു ഒരു ശവപ്പെട്ടിയിലായിരുന്നു! ഇനിയൊരിക്കലും അവരുടെ ആ ശത്രു എഴുന്നേൽക്കാതിരിക്കാനായി ശവപ്പെട്ടിയടച്ച് ആണിയടിച്ചിട്ടാണ് പലരും മടങ്ങിയത്!
ഏഴു നിലകളുള്ള ഈ കെട്ടിടത്തിന്റെ ഏഴാം നിലയിലെ ഹാളിലാണ് ഇപ്പോഴും മരിച്ചിട്ടില്ലാത്ത നിങ്ങളുടെ ശത്രുവുള്ളത്! നമുക്കും അങ്ങോട്ടു പോകാം. എന്നാൽ, അയാൾ ഈ ഹാളിൽ വച്ചിട്ടുള്ള ശവപ്പെട്ടിയിൽ കിടപ്പാണ്. തുറന്നു നോക്കിക്കോളൂ. എന്ത്, ശവപ്പെട്ടിയിൽ ആളില്ലെന്നോ! ശവപ്പെട്ടിയിൽ പതിച്ചിരിക്കുന്ന കണ്ണാടിയിൽ നിങ്ങളുടെ സ്വന്തം മുഖം മാത്രമേ കാണുന്നുള്ളൂ എന്നാണോ! അതെ, കണ്ണാടി സത്യം പറയുന്നു, അത്രേയുള്ളു! ഇപ്പോൾ മനസ്സിലായോ ആരാണ് നിങ്ങളുടെ യഥാർത്ഥ ശത്രുവെന്ന്!
ദിവസവും നമ്മൾ സ്വന്തം മുഖം കണ്ണാടിയിൽ നോക്കി അണിയിച്ചൊരുക്കുമ്പോഴും, നമ്മൾ ആ യഥാർത്ഥ ശത്രുവിനെ കാണുന്നുണ്ട്. വായ്ക്കുള്ളിൽ ബലിഷ്ഠമായ രണ്ടുവരി പല്ലുകൾക്കിടയിൽ ശാന്തനെപ്പോലെയിരിക്കുന്ന നമ്മുടെ നാവിനെ! എന്നാൽ, പക്ഷേ അവനെ നമ്മൾ കാണില്ലല്ലോ! കാരണം, അപ്പോഴൊക്കെ നമ്മുടെ മനസ്സിൽ നാം ശത്രുവായി തെറ്റിദ്ധരിച്ചിരിക്കുന്ന മറ്റാരുടെയെങ്കിലുമൊക്കെ മുഖമായിരിക്കും! ഇനി മറ്റൊരിക്കൽ, നിങ്ങളെ സ്നേഹംകൊണ്ട് ശ്വാസം മുട്ടിക്കുന്ന പ്രിയപ്പെട്ട സുഹൃത്തിനെയും ഞാൻ പരിചയപ്പെടുത്തിത്തരാം. പക്ഷെ, ഒരു കാര്യം നിങ്ങൾ ചെയ്യണം- നിത്യവും കണ്ണാടിയിൽ നോക്കണം. അത്, 'കണ്ണാടി കാണ്മോളവും തന്നുടെ മുഖമേറ്റം നന്നെന്നു നിരൂപിക്കും എത്രയോ വിരൂപന്മാർ"എന്ന നിലയിലാകരുതെന്നു മാത്രം! ""കൂട്ടച്ചിരികൾക്കിടയിൽ പ്രഭാഷകൻ പറഞ്ഞു നിറുത്തി.