
റാഞ്ചി: ജാർഖണ്ഡിൽ ബി.ജെ.പി നേതാവും മണ്ഡു എം.എൽ.എയുമായിരുന്ന ജയ്പ്രകാശ് ഭായ് പട്ടേൽ കോൺഗ്രസിൽ ചേർന്നു. സംസ്ഥാനത്തിന്റെ ചുമതലയുള്ള ഗുലാം അഹമ്മദ് മിർ, ഝാർഖണ്ഡ് പി.സി.സി അദ്ധ്യക്ഷൻ രാജേഷ് ഠാക്കൂർ, മന്ത്രി അലംഗിർ ആലം, ദേശീയ വക്താവ് പവൻ ഖേര എന്നിവർ പാർട്ടിയിലേക്ക് സ്വീകരിച്ചു.
ബി.ജെ.പിയിൽ എത്തുന്നതിനുമുമ്പ് അദ്ദേഹം ജെ.എം.എം ടിക്കറ്റിൽ എം.എൽ.എയായിരുന്നു. ജെ.എം.എമ്മിന്റെ ആദ്യകാല നേതാക്കളിൽ ഒരാളായ ടേക് ലാൽ മഹ്‌തോയുടെ മകനാണ്. പിതാവിന്റെ ആശയങ്ങൾ എൻ.ഡി.എയിൽ ഇല്ലാത്തതുകൊണ്ടാണ് ബി.ജ.പി വിട്ടതെന്ന് അദ്ദേഹം പ്രതികരിച്ചു. സ്ഥാനങ്ങൾക്കു വേണ്ടിയല്ല കോൺഗ്രസിൽ ചേർന്നത്. സംസ്ഥാനത്തെക്കുറിച്ച് പിതാവിനുണ്ടായിരുന്ന സ്വപ്നങ്ങൾ സഫലീകരിക്കാനാണെന്നും പട്ടേൽ പറഞ്ഞു. ഹസാരിബാഗ് മണ്ഡലത്തിൽ അദ്ദേഹം കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചേക്കും.