
തിരക്കേറിയ ജോലിക്കും പഠനത്തിനും ശേഷം രാത്രി ഒരു നല്ല ഉറക്കം ആഗ്രഹിക്കുന്നവർ ഒരുപാടാണ്. എന്നാൽ ഇത് പലർക്കും ലഭിക്കാറില്ല. യുവാക്കൾ ദിവസവും 7- 9 മണിക്കൂർ വരെ ഉറങ്ങണമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. എന്നാൽ അടുത്തിടെ നടന്ന ഒരു പഠനത്തിൽ പുറത്തുവരുന്ന റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. 61 ശതമാനത്തിലധികം വരുന്ന ഇന്ത്യക്കാർക്കും ഉറക്കം ആറ് മണിക്കൂറിൽ താഴെയാണെന്നാണ് കണ്ടെത്തൽ.
ഇന്ത്യയിലെ ഒരു പ്രദേശത്തെ ആളുകളെയാണ് ഈ പഠനത്തിന് ഉപയോഗിച്ചത്. ഇതിൽ 61 ശതമാനം പേർക്കും ആറ് മണിക്കൂറിന് താഴെ മാത്രമാണ് ഉറക്കം ലഭിക്കുന്നത്. 38 ശതമാനം പേർക്കും നാല് മുതൽ ആറ് മണിക്കൂർ വരെ മാത്രമേ ഉറക്കം ലഭിക്കുന്നുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 23ശതമാനം പേരും നാല് മണിക്കൂറിന് താഴെ മാത്രമാണ് ഉറങ്ങുന്നത്.
കൊവിഡ് 19ഉം ഉറക്കവും തമ്മിൽ ബന്ധമുണ്ടെന്നും ഈ പഠനത്തിൽ കണ്ടെത്തി. പഠനത്തിനായി തിരഞ്ഞെടുത്ത 26ശതമാനം പേർക്കും കൊവിഡിന് ശേഷമാണ് ഉറക്കം കുറഞ്ഞതെന്ന് അഭിപ്രായപ്പെടുന്നു. എന്നാൽ 59ശതമാനം പേരും മഹാമാരിക്ക് മുൻപുള്ളത് പോലെ തന്നെയാണ് ഉറക്കം തുടരുന്നത്. അഞ്ച് ശതമാനം പേർക്ക് കൊവിഡിന് ശേഷം ഉറക്കം മെച്ചപ്പെട്ടതായും അഭിപ്രായമുണ്ട്.
എന്തുകൊണ്ട് ഉറക്കക്കുറവ്
പഠനത്തിൽ പങ്കെടുത്ത 72 ശതമാനം പേരും ഉറങ്ങുന്നതിന് ഇടയ്ക്ക് ഒന്നോ അതിലധികം തവണയോ ടോയ്‌ലറ്റിൽ പോകുന്നതായി പറഞ്ഞു. ഇത് അവരുടെ ഉറക്കത്തെ ബാധിക്കുന്നു. വെെകി ഉറങ്ങുന്നതോ വീട്ടുജോലികൾക്കായി അതിരാവിലെ ഉണരുന്നവരോ ആണ് സർവേയിൽ പങ്കെടുത്ത 43 ശതമാനം പേരും. ഇതാണ് ശരിയായ ഉറക്കം ഇവർക്ക് ലഭിക്കാത്തതിന് കാരണം. കൊതുക്, മറ്റ് ശബ്ദങ്ങൾ, ഫോൺ കാൾ, തുടങ്ങിയവയും ഉറക്കത്തിനിടെ തടസമുണ്ടാക്കുന്നതായി പഠനത്തിൽ കണ്ടെത്തി.
ഉറക്കക്കുറവ്
ഒരാൾ ഒരു ദിവസം 7- 9 മണിക്കൂർ വരെ ഉറങ്ങണമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. ഈ ഉറക്കം ലഭിച്ചില്ലെങ്കിൽ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകും. ശ്രദ്ധക്കുറവ്, ഉന്മേഷക്കുറവ് ഉൾപ്പടെയുള്ള പല പ്രശ്നങ്ങൾക്കും ഇടയാക്കും. സുഖകരമായ ഉറക്കം ലഭിച്ചില്ലെങ്കിൽ പ്രഷർ, ഷുഗർ പോലുള്ള ജീവിത ശൈലി രോഗങ്ങൾ വരാനുള്ള സാദ്ധ്യതയും കൂടുതലാണ്.ഓർമ്മയെയും ശ്രദ്ധയെയും ഇത് ബാധിക്കാം. രാത്രി നന്നായി ഉറങ്ങിയില്ലെങ്കിൽ അത് രോഗ പ്രതിരോധ ശേഷി ദുർബലമാകാൻ കാരണമാകും. ഉത്കണ്ഠ, വിഷാദം എന്നിവ ഉണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്.