rajendran

ന്യൂഡൽഹി: ബിജെപിയോട് കൂടുതൽ അടുക്കുന്നു എന്ന് സൂചന നൽകി ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയുടെ കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. എന്നാൽ നടത്തിയത് വെറും സൗഹൃദസന്ദർശനം മാത്രമായിരുന്നു എന്നും ബിജെപിയിലേക്ക് പോകാൻ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് എസ് രാജേന്ദ്രൻ വ്യക്തമാക്കിയത്. പ്ലാന്റേഷൻ വിഷയവുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച നടത്തിയതെന്നും .സിപിഎമ്മുമായുളള അഭിപ്രായ വ്യത്യാസം പരിഹരിച്ച ശേഷം അംഗത്വം പുതുക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ ബിജെപി നേതാക്കൾ തന്നെവന്നുകണ്ട് ചർച്ചനടത്തിയിരുന്നുവെന്ന് രാജേന്ദ്രൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ചതിയന്മാരായ ആളുകളോടൊപ്പം പ്രവര്‍ത്തിക്കാന്‍ മനസനുവദിക്കുന്നില്ലെന്നും അതുകൊണ്ട് അംഗത്വം പുതുക്കാന്‍ താത്പര്യമില്ലെന്ന പ്രതികരണവുമായി രാജേന്ദ്രൻ രംഗത്തെത്തി. ഒടുവിൽ മുതിർന്ന സിപിഎം നേതാക്കളുമായി നടത്തിയ ചർച്ചയെത്തുടർന്ന് എൽഡിഎഫ് കൺവെൻഷനിൽ അദ്ദേഹം പങ്കെടുത്തതോടെ ബിജെപിയിലേക്ക് ചേക്കേറുന്നു എന്ന അഭ്യൂഹത്തിന് താൽക്കാലിക ശമനമായിരുന്നു. ഇതിനിടെയാണ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ സിപിഎം. സ്ഥാനാര്‍ത്ഥിയായിരുന്ന എ രാജക്കെതിരെ പ്രവര്‍ത്തിച്ചു എന്ന പേരിലായിരുന്നു രാജേന്ദ്രനെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നത്. കാലാവധി കഴിഞ്ഞിട്ടും തിരിച്ചെടുക്കാത്തതിൽ രാജേന്ദ്രന് വിഷമമുമുണ്ടായിരുന്നു.