
ന്യൂഡൽഹി: കനയ്യകുമാർ 2019 ലോക്സഭ തിരെഞ്ഞെടുപ്പിൽ മത്സരിച്ച ബെഗുസരായി മണ്ഡലത്തിനായി 'ഇന്ത്യ" മുന്നണിയിൽ തർക്കം. കനയ്യ കുമാറിന് ഇത്തവണ മണ്ഡലം വേണമെന്നാണ് കോൺഗ്രസ് നിലപാട്. എന്നാൽ മണ്ഡലം വിട്ടുനൽകാൻ സി.പി.ഐ തയ്യാറല്ല.
2019ൽ സി.പി.ഐ സ്ഥാനാർത്ഥിയായാണ് കനയ്യകുമാർ ബെഗുസരായിൽ മത്സരിച്ചത്. പിന്നീട് അദ്ദേഹം സി.പി.ഐയിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്നു. ബി.ജെ.പിക്കെതിരെ മണ്ഡലത്തിൽ വിജയ സാദ്ധ്യതയുള്ളത് കനയ്യ കുമാറിനാണെന്നാണ് കോൺഗ്രസ് നിലപാട്.
സി.പി.ഐക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലം വിട്ടുനൽകാൻ കഴിയില്ലെന്ന് സി.പി.ഐ നേതാക്കൾ ആർ.ജെ.ഡി നേതൃത്വത്തെ അറിയിച്ചു. സി.പി.ഐ മത്സരിക്കാൻ ആഗ്രഹിക്കുന്ന മധുബനി മണ്ഡലത്തിലും തർക്കമുണ്ട്. മധുബനി മണ്ഡലം തങ്ങൾക്ക് വേണമെന്നാണ് ആർ.ജെ.ഡി നിലപാട്. ജെ.ഡി.യുവിൽ നിന്ന് രാജിവച്ചെത്തിയ മുൻ എം.പി മുഹമ്മദ് അലി അഷ്റഫ് ഫത്മിയെ സ്ഥാനാർത്ഥിയാക്കാനാണ് ആർ.ജെ.ഡി നീക്കം. സി.പി.എം മത്സരിക്കാൻ ആഗ്രഹിക്കുന്ന ഖഗാരിയ മണ്ഡലത്തിലും 'ഇന്ത്യ" മുന്നണിയിൽ ഇതുവരെ തീരുമാനമായിട്ടില്ല.