pradeep

മുംബയ്:വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിൽ മുംബയ് പൊലീസിലെ മുൻ ഏറ്റുമുട്ടൽ വിദഗ്ദ്ധൻ പ്രദീപ് ശർമയ്‌ക്ക് ജീവപര്യന്തം തടവുശിക്ഷ. 2006ൽ അധോലോക കുറ്റവാളി ഛോട്ടാ രാജന്റെ കൂട്ടാളി രാംനാരായണൻ ഗുപ്തയെ തട്ടിക്കൊണ്ടുപോയി വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ കേസിലാണ് ബോംബെ ഹൈക്കോടതിയുടെ വിധി.

ഇന്ത്യയിൽ ആദ്യമായാണ് വ്യാജ ഏറ്റുമുട്ടൽ കേസിൽ ഒരു പൊലീസ് ഓഫീസറെ ജീവപര്യന്തം ശിക്ഷിക്കുന്നത്. 2010ലാണ് ശർമ്മ അറസ്റ്റിലായത്.

വിചാരണക്കോടതി ജീവപര്യന്തം വിധിച്ച പ്രദീപ് ശർമ്മയെയും 12 പോലീസുകാരെയും 2013ൽ സെഷൻസ് കോടതി വെറുതെവിട്ടിരുന്നു. ആ വിധി റദ്ദാക്കിയ ബോംബെ ഹൈക്കോടതി പ്രതികൾക്കെതിരായ ക്രിമിനൽ ഗൂഢാലോചന, തട്ടിക്കൊണ്ടു പോകൽ, അന്യായമായ തടങ്കൽ, കൊലപാതകം തുടങ്ങിയ എല്ലാ കുറ്റങ്ങളും ശരിവച്ചു. പ്രദീപ് ശർമ മൂന്നാഴ്ചയ്ക്കകം കീഴടങ്ങാനും ഉത്തരവിട്ടു.

ഗുപ്തയെ തട്ടിക്കൊണ്ടുപോയി വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി യഥാർത്ഥ ഓപ്പറേഷൻ നടത്തിയെന്ന് വരുത്തി പദവി ദുരുപയോഗം ചെയ്‌തതായി ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെയും ഗൗരി ഗോഡ്‌സെയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. യൂണിഫോമിട്ട് കുറ്റവാളികളായി പ്രവർത്തിക്കാൻ നിയമപാലകർക്ക് അധികാരമില്ല. ഭരണകൂടത്തിന്റെ ഭാഗമായ പൊലീസ് ഉദ്യോഗസ്ഥർ പൗരന്മാർക്കെതിരെ ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്യുമ്പോൾ യാതൊരു ഇളവും നൽകാനാവില്ലെന്നും വ്യക്തമാക്കി.

2006 നവംബർ 11 നാണ് രാംനാരായണ് ഗുപ്തയെ വാഷിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി വെർസോവയിൽ വെടിവച്ച് കൊന്നത്. ഏറ്റുമുട്ടൽ നടന്നുവെന്നായിരുന്നു പൊലീസ് ഭാഷ്യം. വ്യാജ ഏറ്റുമുട്ടലാണെന്ന് കോടതി സ്ഥിരീകരിച്ചു.

പ്രദീപ് ശർമ്മ

1983ൽ മുംബയ് പൊലീസിൽ

 300ലേറെ ഏറ്റുമുട്ടലുകൾ

112ഗുണ്ടകളെ വകവരുത്തി

 2021ൽ മുകേഷ് അംബാനിയുടെ വസതിക്ക് സമീപം ജലാറ്റിൻ സ്റ്റിക്കുമായി കണ്ട കാറിന്റെ ഉടമ വ്യവസായി മൻസുഖ് ഹിരണിന്റെ കൊലപാതക കേസിലും അറസ്റ്റിലായി

 ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജൻ, അരുൺ ഗാവ്‌ലി, അമർ നായിക് എന്നിവരുൾപ്പെടെ മുംബയ് അധോലോകത്തെ നേരിടാനുള്ള ശ്രമങ്ങൾ

1999ൽ, പാകിസ്ഥാനിൽ ദാവൂദ് ഇബ്രാഹിമിനെ ലക്ഷ്യമിട്ട ഛോട്ടാ രാജന്റെ കൂട്ടാളിയായ വിനോദ് മത്കറിനെ വധിച്ചു.

അതേ വർഷം ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി സാദിഖ് കാലിയയെ വധിച്ചു

 2003ൽ ഗോരെഗാവിൽ മൂന്ന് ലഷ്‌കർ ഭീകരരെ വധിച്ചു

2008 ഓഗസ്റ്റിൽ വിവാദങ്ങളെ തുടർന്ന് സർവീസിൽ നിന്ന് പിരിച്ചുവിട്ടു.

2009ൽ തിരിച്ചെടുത്തു