dp
ഡിപി വേൾഡ്

കൊച്ചി: ചരക്കുനീക്കത്തിനായി ലോകത്തുടനീളം നൂറ് ഓഫീസുകൾ കൂടി തുറന്ന് ഡിപി വേൾഡ്. ആഗോളവ്യാപാരം സുഗമമാക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കാനാണ് വൻ വികസനം. കാലാവസ്ഥാ വ്യതിയാനം, മാറുന്ന ആഗോള രാഷ്ട്രീയസാഹചര്യങ്ങൾ, സമ്പദ്വ്യവസ്ഥയിലെ സൂക്ഷ്മചലനങ്ങൾ എന്നിവ കണക്കിലെടുത്താണ് ഉപഭോക്തൃകമ്പനികളുടെ സൗകര്യാർത്ഥം ഡിപി വേൾഡ് ശ്യംഖല വികസിപ്പിച്ചത്.

ലോകമെമ്പാടും ഒരുലക്ഷത്തിഎണ്ണായിരത്തിലധികം ജീവനക്കാരുണ്ടായിരുന്ന ഡിപിവേൾഡ്, ഈ നീക്കത്തിലൂടെ ആയിരം തൊഴിലവസരങ്ങൾ കൂടി സൃഷ്ടിച്ചു.

ആഗോളതലത്തിൽ നടക്കുന്ന ചരക്കുനീക്കത്തിന്റെ 10ശതമാനവും ഏറ്റെടുക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഇന്ത്യയിലും ശക്തമായ സാന്നിധ്യമാണ് ഡിപി വേൾഡിനുള്ളത്. മെട്രോ നഗരങ്ങളായ മുംബയ്, ഡൽഹി, ബംഗളൂരു, ചെന്നൈ എന്നിവയ്ക്ക് പുറമെ ടയർ1 നഗരങ്ങളായ കൊച്ചി, പുണെ, അഹമ്മദാബാദ്, ജയ്പൂർ തുടങ്ങിയ നഗരങ്ങളിലും മറ്റിടങ്ങളിലുമായി 16 ഓഫീസുകളാണ് ഇന്ത്യയിൽ ഡിപി വേൾഡി​നുള്ളത്.

ഇക്കണോമിസ്റ്റ് ഇംപാക്ടി​ന്റെ പഠനപ്രകാരം ആഗോളവിപണിയിലെ തടസങ്ങൾ കാരണം സപ്ളൈ ചെയിൻ സുഗമമാക്കുന്നതിനായി വേറിട്ട തന്ത്രങ്ങളിലാണ് ഇപ്പോൾ വിപണി ശ്രദ്ധപതിപ്പിക്കുന്നത്. മൂന്നാംകക്ഷി മുഖേന നടത്തുന്ന പരമ്പരാഗത ചരക്കുനീക്കത്തിൽ പല ഘട്ടത്തിലും തടസങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നത് ഒരു പ്രധാന വെല്ലുവിളിയായി മാറിയിരിക്കുന്നു. ആവശ്യത്തിന് സ്റ്റോക്കുകൾ എത്തിക്കുന്നതിലും സംഭരണം കാര്യക്ഷമമാക്കുന്നതിലും പല തടസങ്ങളും അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ തലവേദനകൾ സൃഷ്ടിക്കുന്നതാണ് ഈ രീതിയിലുള്ള ചരക്കുനീക്കം.

ഉപഭോക്താക്കൾക്ക് തടസങ്ങളില്ലാതെ ചരക്കുനീക്കം ലഭ്യമാക്കുന്നതിനായി ഡി.പി വേൾഡ് നിരന്തരം ബിസിനസ് വിപുലപ്പെടുത്തുകയാണെന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെയും മിഡിൽ ഈസ്റ്റ്, നോർത്ത് അമേരിക്ക എന്നീ മേഖലയുടെയും ചുമതലയുള്ള വൈസ് പ്രസിഡന്റ് ആകാശ് അഗർവാൾ പറഞ്ഞു.

ഡി.പി വേൾഡ് അതിന്റെ ലോജിസ്റ്റിക്‌സ് വിഭാഗത്തിലെ ജീവനക്കാരുടെ എണ്ണം 45,000മാക്കി ഉയർത്തി. ലോകത്തെമ്പാടുമുള്ള കമ്പനിയുടെ ജീവനക്കാരുടെ എണ്ണം 1,11,000 ത്തിലേക്കെത്തുകയും ചെയ്തിട്ടുണ്ട്.

..............................

ഇന്ത്യയിൽ 16 കേന്ദ്രങ്ങളുൾപ്പെടെ പുതുതായി തുടങ്ങിയ 100 ഓഫീസുകളിലൂടെ ആകാശമാർഗവും കടൽമാർഗവുമുള്ള ചരക്കുനീക്കവും ട്രക്കിംഗ് സർവീസും കസ്റ്റംസ് ക്ലിയറൻസും സംഭരണസൗകര്യവും വാഗ്ദാനം ചെയ്യുന്നു. ആഗോളവ്യാപാരം ലളിതമാക്കാനായി നാനാവിധമായ സൗകര്യങ്ങൾ ലഭ്യമാക്കാൻ കമ്പനി പ്രതിജ്ഞാബദ്ധരാണ്.
ആകാശ് അഗർവാൾ, വൈസ് പ്രസിഡന്റ്