
കൊച്ചി : കേരളത്തോടും മലയാളി ആരാധകരോടും ഹൃദയബന്ധം കാത്തുസൂക്ഷിക്കുന്ന കേരള ബ്ളാസ്റ്റേഴ്സിന്റെ സെർബിയക്കാരനായ പരിശീലകൻ ഇവാൻ വുകോമനോവിച്ച് ഇന്നലെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലായി. ബനിയനും ലുങ്കിയുമുടുത്ത് തോളിൽ തോർത്തും ചുറ്റി തനി മലയാളി വേഷത്തിൽ വയലിനു സമീപമുള്ള റോഡുവഴി സൈക്കിളിൽ സഞ്ചരിക്കുന്ന ചിത്രമാണ് ഇവാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
കറുത്ത ബനിയനും കൈലി മുണ്ടുമാണ് വേഷം. കാലിൽ ഹവായ് ചെരിപ്പുമുണ്ട്. പച്ചപ്പ് നിറഞ്ഞ വയലിനു സമീപത്തുകൂടി സൈക്കിളിൽ സഞ്ചിയും തൂക്കിയാണ് യാത്ര.സൈക്കിളിന്റെ കാരിയറിൽ ഐസ് പെട്ടിയുമുണ്ട്. ഓഫീസിലെ മറ്റൊരു ദിവസം പന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
ഇവാൻ അടുത്ത സീസണിൽ ബ്ലാസ്‌റ്റേഴ്‌സിനൊപ്പമുണ്ടാവില്ലെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. തുടർ തോൽവികളും അഖിലേന്ത്യാ ഫുട്‌ബാൾ ഫെഡറേഷന് വൻ തുക പിഴ നൽകേണ്ടിവന്ന സംഭവവുമാണ് കോച്ച് പുറത്തുപോകുമെന്ന കഥ പ്രചരിക്കാൻ കാരണമായത്. എന്നാൽ ഇതെല്ലാം തള്ളി കോച്ച് തന്നെ രംഗത്തെത്തിയിരുന്നു. 2025 വരെ ബ്ലാസ്‌റ്റേഴ്‌സുമായി കരാറുണ്ടെന്നാണ് വുകോമനോവിച്ച് പ്രതികരിച്ചത്.