
മത്സരം സൗദിയിലെ ദമാക്ക് സ്റ്റേഡിയത്തിൽ രാത്രി 12.30 മുതൽ
റിയാദ് : ഏഷ്യൻ മേഖലാ ലോകകപ്പ് ഫുട്ബാൾ യോഗ്യതയുടെ രണ്ടാം റൗണ്ട് പോരാട്ടത്തിൽ ഇന്ത്യ ഇന്ന് അയൽക്കാരായ അഫ്ഗാനിസ്ഥാനെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30 മുതൽ സൗദി അറേബ്യയിലെ ദമാക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഗ്രൂപ്പ് എയിലെ ഇന്ത്യയുടെ മൂന്നാമത്തെ മത്സരമാണിത്.
ഖത്തർ,കുവൈറ്റ്,അഫ്ഗാൻ എന്നിവരുമടങ്ങുന്ന എ ഗ്രൂപ്പിലാണ് ഇന്ത്യ. കഴിഞ്ഞ നവംബറിൽ നടന്ന ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കുവൈറ്റിനെ ഏകപക്ഷീയമായ ഒരു ഗോളിന് ഇന്ത്യ തോൽപ്പിച്ചിരുന്നു. തുടർന്ന് ഖത്തറിനോട് മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടങ്ങി. രണ്ട് കളികളിൽ മൂന്ന് പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
ഖത്തറിൽ നടന്ന എ.എഫ്.സി ചാമ്പ്യൻഷിപ്പിൽ ഒരു കളിപോലും ജയിക്കാത്തതിന്റെ നാണക്കേടിലാണ് ഇന്ത്യ. 2022ൽ ഏഷ്യൻ കപ്പിന്റെ യോഗ്യതാറൗണ്ടിലാണ് ഇന്ത്യ ഇതിന് മുമ്പ് അഫ്ഗാനെ നേരിട്ടത്. അന്ന് 2-1ന് ഇന്ത്യ ജയിച്ചിരുന്നു.
12.30 am മുതൽ ഡി.ഡി സ്പോർട്സിൽ ലൈവ്