
തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ കുടുംബത്തിന്റെ വൈദേകം റിസോർട്ടും തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർത്ഥിയായ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ നിരാമയ റിട്രീറ്റും തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണം ഇ.പി ശരി വച്ചതോടെ, സി.പി.എം-ബി.ജെ.പി അന്തർധാരയെന്ന ആരോപണം കടുപ്പിച്ച് കോൺഗ്രസ്. തിരഞ്ഞെടുപ്പിൽ ഇത് മുഖ്യ പ്രചാരണായുധമാക്കാനാണ് യു.ഡി.എഫ് നീക്കം.
തന്റെ ഭാര്യ ഇന്ദിരയും നിരാമയയുമായുള്ള ഓഹരി ബന്ധത്തിൽ എന്താണ് തെറ്റെന്ന ജയരാജന്റെ ചോദ്യം റിസോർട്ട് വിവാദത്തിന് തീ പകരുന്നതായി. പിന്നാലെ, ഇന്ദിരയുടെ പരാതിയിൽ തിരുവനന്തപുരത്തെ ഒരു ഡി.സി.സി അംഗത്തിനെതിരെ വളപട്ടണം പൊലീസ് കേസെടുത്തത് പുതിയ വഴിത്തിരിവായി. വൈദേകം-നിരാമയ റിസോർട്ട് ബന്ധവും രാജീവ് ചന്ദ്രശേഖറും ഇ.പിയുടെ ഭാര്യയുമുള്ള ഫോട്ടോയും സതീശൻ പുറത്ത് വിട്ടതോടെ വിവാദം കൊഴുത്തു. ഫോട്ടോ വ്യാജമാണെന്ന് പറഞ്ഞ ഇ.പി, രാജീവ് ചന്ദ്രശേഖറുമായി തനിക്ക് ബന്ധമില്ലെന്നും അദ്ദേഹത്തെ കണ്ടിട്ടു പോലുമില്ലെന്നും ന്യായീകരിച്ചു. എന്നാൽ ഫോട്ടോ ഒറിജിനലാണെന്നാണ് സതീശന്റെ മറുപടി.
കേരളത്തിൽ പ്രധാന മത്സരം എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലാണെന്നും തിരുവനന്തപുരം ഉൾപ്പെടെ അഞ്ച് മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാർത്ഥികൾ മിടുക്കരാണെന്നുമുള്ള ഇ.പി.ജയരാജന്റെ പരാമർശം സി.പി.എമ്മിനെ വെട്ടിലാക്കിയിരുന്നു. കോൺഗ്രസ് അത് ആയുധമാക്കി. മത്സരം എൽ.ഡി.എഫും യു.ഡി.എഫും
തമ്മിലാണെന്നും ബി.ജെ.പിക്ക് കേരളത്തിൽ ഒരു സീറ്റും കിട്ടില്ലെന്നും മുഖ്യമന്ത്രിയും എം.വി.ഗോവിന്ദനും തിരുത്തിയെങ്കിലും പുക ഒടുങ്ങിയില്ല. പിന്നാലെയാണ് പുതിയ വിവാദം.
സതീശന്റെ ആരോപണത്തിന് കൃത്യമായ മറുപടി പറയാൻ ഇ.പിക്ക് അറിയാമെന്ന് പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ഇ.പിയെ വഴിവിട്ട് ന്യായീകരിക്കാനോ ആരോപണങ്ങളെ രാഷ്ട്രീയ ലക്ഷ്യമെന്ന് പറഞ്ഞ് തള്ളിക്കളയാനോ ശ്രമിച്ചില്ലെന്നത് ശ്രദ്ധേയമാണ്. ഇ.പിക്കെതിരായ ആരോപണങ്ങളുടെ മുന കോൺഗ്രസ് നേതാക്കൾ കൊള്ളിക്കാൻ ശ്രമിക്കുന്നത് മുഖ്യമന്തി പിണറായി വിജയന് നേർക്കാണെങ്കിലും അദ്ദേഹവും പ്രതികരിക്കാൻ തയാറായിട്ടില്ല. വ്യാജ ഫോട്ടോയെന്ന പേരിൽ ജയരാജൻ തനിക്കെതിരെ കേസ് കൊടുത്താൽ അതിന്റെ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കുമെന്നാണ് സതീശന്റെ വെല്ലുവിളി. അതേ സമയം, ഇ.പി ജയരാജനുമായി ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം രാജീവ് ചന്ദ്രശേഖർ ആവർത്തിച്ച് നിഷേധിക്കുന്നു.
രാജീവ് ചന്ദ്രശേഖറിന്റെ വക്കാലത്തെടുക്കേണ്ടകാര്യമില്ല : ഇ.പി. ജയരാജൻ
ബി.ജെ.പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ വക്കാലത്തെടുക്കേണ്ട ആവശ്യം തനിക്കില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. രാജീവ് ചന്ദ്രശേഖറെ ഇതുവരെ കണ്ടിട്ടില്ല, ഫോണിൽ പോലും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
വൈദേകവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പറയാൻ താൻ ആളല്ല. കമ്പനി അധികൃതരോട് ചോദിക്കണം. ഭാര്യ ഷെയർ ഹോൾഡറാണെന്നത് സത്യമാണ്. അത് വാങ്ങാൻ ആരെങ്കിലും വന്നാൽ വിറ്റൊഴിവാക്കും. അടിയുറച്ച
കമ്മ്യൂണിസ്റ്റുകാരനായ തന്നെ കളങ്കപ്പെടുത്താൻ അനുവദിക്കില്ലെന്നും അതിന്റെ ഭാഗമായാണ് ഭാര്യയുടെ ഷെയർ ഒഴിയാൻ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അശ്ലീല വീഡിയോ ഇറക്കുന്നതിൽ പ്രശസ്തനാണ് വി.ഡി. സതീശൻ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥിക്കെതിരെ വീഡിയോ ഇറക്കിയത് സതീശനാണ്. വൃത്തികെട്ട രാഷ്ട്രീയമാണ് സതീശന്റേത്. സ്വപ്ന സുരേഷിനെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ വാർത്ത ചമച്ചു. തന്റെ ഭാര്യയുടെ തല വെട്ടി അവിടെ സ്വപ്ന സുരേഷിന്റെ പടം വച്ച് ഫോട്ടോ ഇറക്കി. കഴിഞ്ഞ ദിവസം രാജീവ് ചന്ദ്രശേഖർക്കൊപ്പം തന്റെ ഭാര്യ ഇരിക്കുന്നതായി പുതിയൊരു ഫോട്ടോ ഇറക്കിയതിന് പിന്നിലും സതീശനാണ്. ഇതുമായി ബന്ധപ്പെട്ട് ഭാര്യ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വീടുകൾ നിർമ്മിക്കാനായി പുനർജനിയുടെ പേരിൽ പിരിച്ച പണം വിനിയോഗിച്ചിട്ടില്ല. സതീശൻ നൽകിയ വീടുകൾ പലതും സ്പോൺസർമാരുടെ സംഭാവനയാണ്. നിലമ്പുർ എം.എൽ.എ നിയമസഭയിൽ ഗുരുതര ആരോപണമാണ് ഉന്നയിച്ചത്. സഭയിൽ മൗനം പാലിച്ച സതീശൻ കേസിൽ നിന്നും രക്ഷപെടാൻ ഡൽഹിയിത്തെി ബി.ജെ.പി - ആർ.എസ്.എസ് കക്ഷികളുമായി സഖ്യമുണ്ടാക്കി. 150 കോടി രൂപ മത്സ്യപ്പെട്ടിയിൽ കൊണ്ടുവന്നത് ഇ.ഡി അന്വേഷിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ജയരാജൻ-രാജീവ് ചന്ദ്രശേഖർ ഇടപാട്ഒത്തുകളി: സതീശൻ
ഇടതു മുന്നണി കൺവീനർ ഇ.പി. ജയരാജനും തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർത്ഥിയായ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും തമ്മിലുള്ള ബിസിനസ് ഇടപാടുകൾ പാർട്ടിയുടെ അറിവോടെയാണോയെന്ന് സി.പി.എം വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
തനിക്കും കുടുംബത്തിനും ഓഹരി പങ്കാളിത്തമുള്ള വൈദേകം റിസോർട്ടും രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിയും തമ്മിൽ ബന്ധമുണ്ടെന്ന ആരോപണം ജയരാജൻ ശരിവച്ചിരിക്കുകയാണ്.കേരളത്തിൽ പലയിടത്തും ബി.ജെ.പി രണ്ടാം സ്ഥാനത്ത് വരുമെന്നും രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ളവർ മിടുക്കൻമാരാണെന്നും ജയരാജൻ പറഞ്ഞതിൽ നിന്നുതന്നെ കാര്യങ്ങൾ വ്യക്തമാണ്..ജയരാജന്റെ മുൻകാല ചെയ്തികളെക്കുറിച്ചുള്ള വിവരങ്ങൾ സി.പി.എം നേതാക്കളും പ്രവർത്തകരും അയച്ചുതരുന്നുണ്ട്. സാന്റിയാഗോ മാർട്ടിന്റെ കൈയിൽ നിന്നു പണം വാങ്ങിയതടക്കമുള്ള കാര്യങ്ങളിലേക്കൊന്നും പോകുന്നില്ല. എം.വി ഗോവിന്ദൻ നടത്തിയ ജാഥയിൽ പങ്കെടുക്കാതെ ദല്ലാൾ നന്ദകുമാറിന്റെ അമ്മയുടെ സപ്തതിയിൽ പങ്കെടുത്ത് ഷാൾ അണിയിച്ചു. എന്നിട്ടാണ് നന്ദകുമാറിനെ അറിയില്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ജയരാജനെക്കൊണ്ട് ഇതൊക്കെ പറയിക്കുന്നത്.
കേരളത്തിലെ ബി.ജെ.പി നേതൃത്വം ഉൾപ്പെട്ട കൊടകര കുഴൽപ്പണക്കേസിൽ പിടിച്ചെടുത്ത പണം ഇൻകംടാക്സ് വകുപ്പിനെ ഏല്പിച്ചിട്ടില്ലെന്ന് ഇൻകംടാക്സ് ഡയറക്ടർ ജനറൽ വെളിപ്പെടുത്തിയിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനുമായി ഫോണിൽ സംസാരിച്ചതിന്റെ തെളിവുകൾ പുറത്ത് വന്നിട്ടും ഒരാൾ പോലും പ്രതിയായില്ല. കുഴൽപ്പണ കേസ് ഒത്തുതീർപ്പാക്കി ലാവ്ലിൻ, സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കേസുകളിൽ നിന്ന് സി.പി.എം നേതാക്കളെ രക്ഷിക്കുന്ന പരസ്പര സഹകരണ സംഘമായി സി.പി.എമ്മും ബി.ജെ.പിയും മാറിയെന്നും സതീശൻ പറഞ്ഞു.
ജയരാജനുമായി ബിസിനസ് ബന്ധമില്ല: രാജീവ് ചന്ദ്രശേഖർ
ഇ.പി. ജയരാജനുമായി ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് രാജീവ് ചന്ദ്രശേഖർ . താൻ ഇവിടത്തെ മടിയൻ രാഷ്ട്രീയക്കാരെപ്പോലെയല്ല. ക്രിയാത്മകമായി കാര്യങ്ങൾ ചെയ്യുന്നയാളാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എന്തെങ്കിലും തെളിവുണ്ടെങ്കിൽ അവർ കോടതിയിൽ പോകട്ടെ . താനും ജയരാജനുമായി ബന്ധമുണ്ടെന്ന് പറയുന്നത് തെലുങ്കാനയിൽ ബി.ജെ.പിയും ബി.ആർ.എസുമായി അന്തർധാരയുണ്ടെന്ന് പ്രചരിപ്പിച്ച് കോൺഗ്രസുകാർ വോട്ട് തട്ടിയതു പോലെ ഇവിടെയും പരീക്ഷിക്കാനാണ് . രാജീവ് ചന്ദ്രശേഖരനും ജയരാജനും തമ്മിൽ ബിസിനസ് ബന്ധമുണ്ടെങ്കിൽ അതെങ്ങനെയാണ് ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ബന്ധമാവുന്നത്. തിരഞ്ഞെടുപ്പെന്നാൽ നുണയും അർദ്ധസത്യങ്ങളും പ്രചരിപ്പിക്കാനുള്ള വേദിയല്ല. ഇങ്ങനെ പറയുന്നതു കൊണ്ടാണ് ഓരോ കോൺഗ്രസ് നേതാക്കന്മാരായി പാർട്ടി വിട്ടുപോകുന്നത്. ഇത്തരം നുണ പ്രചാരണം ഇവിടെ നടക്കില്ല. എത്ര വൈകിയാലുംസത്യം താൻ തെളിയിക്കും.
ഇ.പിയുടെ ഭാര്യയുടെ പരാതിയിൽ ഡി.സി.സി അംഗത്തിനെതിരെ കേസ്
തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനൊപ്പമിരിക്കുന്ന ചിത്രം നിർമ്മിച്ച് പ്രചരിപ്പിച്ചെന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിരയുടെ പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. തിരുവനന്തപുരം ഡി.സി.സി. അംഗം ജോസഫ് ഡിക്രൂസിനെതിരെയാണ് കണ്ണൂർ വളപട്ടണം പൊലീസ് കേസെടുത്തത്.
ഇ.പി. ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചതിനു പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറും ഇന്ദിരയും ഒരുമിച്ച് ഇരിക്കുന്ന തരത്തിൽ ചിത്രം മോർഫ് ചെയ്തു പ്രചരിപ്പിച്ചത്.
തന്നെയും ഭർത്താവിനെയും സമൂഹത്തിൽ ഇകഴ്ത്തി കാണിക്കാനാണ് ജോസഫ് ഡിക്രൂസ് വ്യാജ ചിത്രം സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചതെന്ന് ഇന്ദിരയുടെ പരാതിയിൽ പറയുന്നു. വളപട്ടണം പൊലീസ് ജയരാജന്റെ വീട്ടിലെത്തി ഇന്ദിരയുടെ മൊഴി രേഖപ്പെടുത്തി. ജോസഫ് ഡിക്രൂസിനെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകും.