pic

ഡബ്ലിൻ: അയർലൻഡ് പ്രധാനമന്ത്രി ലിയോ വരാഡ്കർ (45) രാജി പ്രഖ്യാപിച്ചു. ഫീന ഗെയ്ൽ പാർട്ടിയുടെ നേതൃസ്ഥാനവും അദ്ദേഹം ഒഴിഞ്ഞു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് പുതിയ ആളെ പാർട്ടി തിരഞ്ഞെടുക്കുന്നത് വരെ അധികാരത്തിൽ തുടരും. വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങൾ മുൻനിറുത്തിയാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിൽ നിലവിലെ സർക്കാരിനെ നയിക്കാൻ ഏറ്റവും മികച്ച വ്യക്തി താനാണെന്ന് തോന്നുന്നില്ലെന്നും പറഞ്ഞു. അടുത്ത വർഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അപ്രതീക്ഷിത പ്രഖ്യാപനം. ഫീന ഗെയ്ൽ ഉൾപ്പെടെ മൂന്ന് പാർട്ടികൾ അടങ്ങുന്ന സഖ്യസർക്കാരിനെയാണ് അദ്ദേഹം നയിച്ചത്. ഏപ്രിൽ 6നകം പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുക്കപ്പെടുന്നയാൾ പുതിയ പ്രധാനമന്ത്രിയാകും. ഉന്നത വിദ്യാഭ്യാസ മന്ത്രി സൈമൺ ഹാരിസ്, വ്യവസായ മന്ത്രി സൈമൺ കൺവീനി, നീതി മന്ത്രി ഹെലൻ മക്എന്റീ തുടങ്ങിയവുടെ പേരുകൾ നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. 2022 ഡിസംബറിലാണ് ഇന്ത്യൻ വംശജനായ ലിയോ രണ്ടാം തവണയും പ്രധാനമന്ത്രിയായി ചുമതലയേറ്റത്. 2020 - 2022 കാലയളവിൽ രാജ്യത്തെ ഉപപ്രധാനമന്ത്രിയായിരുന്നു ലിയോ. 2017 മുതൽ 2020 വരെയാണ് അദ്ദേഹം ആദ്യമായി പ്രധാനമന്ത്രി പദം വഹിച്ചത്. ഐറിഷ് പ്രധാനമന്ത്രി പദത്തിലെത്തിയ ഏ​റ്റവും പ്രായം കുറഞ്ഞ വ്യക്തിയായ ലിയോ ഒരു ഡോക്ടറും രാജ്യത്തിന്റെ ചരിത്രത്തിലെ സ്വവർഗാനുരാഗിയായ ആദ്യ പ്രധാനമന്ത്രിയുമാണ്. മഹാരാഷ്ട്രയിൽ നിന്ന് അയർലൻഡിലേക്ക് കുടിയേറിയ അശോക് വരാഡ്കറുടെയും ഐറിഷ് വംശജ മിറിയത്തിന്റെയും മകനാണ് ലിയോ വരാഡ്കർ.