
ബെംഗളുരു : അത്‌ലറ്റിക്സ് ഫെഡറേഷൻ ഒഫ് നടത്തിയ മൂന്നാമത് ഇന്ത്യൻ ഓപ്പൺ ജമ്പ് കോംപറ്റീഷനിൽ സ്വർണം നേടി മലയാളി താരങ്ങളായ നയന ജെയിംസ്, മുഹമ്മദ് അനീസ്,ആതിര സോമരാജ് എന്നിവർ.
ബെംഗളുരുവിലെ അഞ്ജു ബോബി ജോർജ് ഹൈ പെർഫോമൻസ് സെന്ററിൽ നടന്ന വനിതകളുടെ ലോംഗ് ജമ്പിൽ 6.67 മീറ്റർ ചാടിയാണ് നയന സ്വർണത്തിലെത്തിയത്. കഴിഞ്ഞ ദേശീയ ഗെയിംസിലെ സ്വർണമെഡൽ ജേതാവായ നയനയുടെ സീസണിലെ മികച്ച പ്രകടനമാണിത്. യുവതാരം ശൈലി സിംഗിനെ മറികടന്നാണ് തന്റെ രണ്ടാം ശ്രമത്തിൽ നയന സ്വർണദൂരം താണ്ടിയത്. 6.40 മീറ്റർ മാത്രമാണ് ശൈലിക്ക് ചാടാനായത്. മുൻ ദേശീയ അത്‌ലറ്റും ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് നീനയുടെ പരിശീലകനും ഭർത്താവുമായ പിന്റോ മാത്യുവിനൊപ്പമാണ് നയന പരിശീലിക്കുന്നത്.
പുരുഷ ലോംഗ്ജമ്പിൽ 7.94 മീറ്റർ ചാടിയാണ് അനീസ് സ്വർണത്തിലെത്തിയത്. വനിതകളുടെ ഹൈജമ്പിൽ 1.76 മീറ്റർ ചാടി ആതിര ഒന്നാമതെത്തി. വനിതകളുടെ പോൾവാട്ടിൽ തമിഴ്നാടിന്റെ പവിത്ര വെങ്കടേഷ് 4.15 മീറ്റർ ചാടി ഒന്നാമതെത്തിയപ്പോൾ 3.80 മീറ്റർ ചാടിയ കേരളത്തിന്റെ മരിയ ജയ്സണ് വെള്ളി ലഭിച്ചു.