
ന്യൂഡൽഹി: യുക്രെയിൻ-റഷ്യ സംഘർഷം തുടരുന്നതിനിടെ സമാധാന ചർച്ചകളുടെ ആവശ്യകത ഓർമ്മിപ്പിച്ച് ഇരുരാജ്യങ്ങളുടെയും പ്രസിഡന്റുമാരുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യയിൽ വ്ലാഡിമിർ പുട്ടിൻ അഞ്ചാം തവണയും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയായിരുന്നു മോദിയുടെ ചർച്ച.
പുട്ടിനെ അഭിനന്ദിച്ച മോദി റഷ്യൻ ജനതയുടെ സമാധാനത്തിനും പുരോഗതിക്കും ആശംസകൾ നേർന്നു. ഇതിന് ശേഷമാണ് അദ്ദേഹം യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമായി സംസാരിച്ചത്.
ഇന്ത്യയെ സമാധാന ദൂതരായിട്ടാണ് ഇരുരാജ്യങ്ങളും കാണുന്നതെന്നും ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം തങ്ങളുടെ രാജ്യം സന്ദർശിക്കാനുള്ള ക്ഷണം ഇരുവരും മോദിയെ അറിയിച്ചെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2018ലാണ് മോദി അവസാനമായി റഷ്യയിലെത്തിയത്. കഴിഞ്ഞ ദിവസം എക്സിലൂടെയും പുട്ടിനെ അഭിനന്ദനിച്ച മോദി ഇന്ത്യ - റഷ്യ ബന്ധം കൂടുതൽ ശക്തമാക്കാൻ ആഹ്വാനം ചെയ്തിരുന്നു.
പുട്ടിനുമായുള്ള സംഭാഷണത്തിനിടെ യുക്രെയിൻ സംഘർഷ പരിഹാരത്തിന് ചർച്ചകൾക്കും നയതന്ത്ര മാർഗ്ഗങ്ങൾക്കും ശക്തമായ പിന്തുണ നൽകുമെന്ന് മോദി വ്യക്തമാക്കി. നയതന്ത്രവും ചർച്ചയുമാണ് മുന്നോട്ടുള്ള വഴിയെന്ന് മോദി സെലെൻസ്കിയോടും വ്യക്തമാക്കി. യുക്രെയിന് ഇന്ത്യ നൽകുന്ന മാനുഷിക സഹായങ്ങൾക്ക് സെലെൻസ്കി നന്ദി അറിയിച്ചു.
സംഘർഷങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യയ്ക്ക് സുപ്രധാന പങ്ക് വഹിക്കാനാകുമെന്ന് കഴിഞ്ഞ മാസം ഇന്ത്യാ സന്ദർശനത്തിനിടെ യുക്രെയിൻ ഉപവിദേശകാര്യ മന്ത്രി ഐറിന ബൊറോവെറ്റ്സ് പ്രതീക്ഷ പങ്കുവച്ചിരുന്നു. യുക്രെയിൻ വിദേശകാര്യ മന്ത്രി ഡിമിട്രോ കുലേബ അടുത്ത ആഴ്ച ഇന്ത്യയിലെത്തുന്നുണ്ട്.