flight

ബംഗളൂരു: ഇന്ത്യയിലെ വിമാനയാത്രികര്‍ക്കായി ഓഫര്‍ പ്രഖ്യാപിച്ച് പുത്തന്‍ വിമാനക്കമ്പനിയായ ഫ്‌ളൈ91. ആദ്യകാല ഓഫറായി വെറും 1991 രൂപയ്ക്കാണ് ടിക്കറ്റ് നല്‍കുന്നത്. മാര്‍ച്ച് 18 തിങ്കളാഴ്ച ഗോവയില്‍ നിന്ന് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുകയും ചെയ്തു. ഇന്ത്യയിലെ മെട്രോ നഗരങ്ങള്‍ക്ക് പുറമേ ടയര്‍ 2, 3 നഗരങ്ങളിലേക്കും സര്‍വീസ് നടത്താനാണ് കമ്പനി പദ്ധതിയിടുന്നത്.

ഗോവയില്‍ നിന്ന് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയതിന് പുറമേ ബംഗളൂരുവില്‍ നിന്ന് സിന്ദുദുര്‍ഗിലേക്കും ആദ്യ ദിനം ഫ്‌ളൈ91 സര്‍വീസ് നടത്തി. ആദ്യഘട്ടത്തില്‍ ഗോവ, ഹൈദരാബാദ്, ബംഗളൂരു, സിന്ധുദുര്‍ഗ് എന്നീ നഗരങ്ങളിലേക്കായിരിക്കും ഫ്ളൈ 91 സര്‍വീസ് നടത്തുക.

അഗത്തി, ജല്‍ഗോണ്‍, പൂനെ എന്നിവിടങ്ങളിലേക്ക് ഏപ്രിലോടെ സര്‍വീസുകള്‍ ആരംഭിക്കും. വിമാനയാത്ര സാധാരണക്കാരിലേക്കു കൂടി എത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് ഫ്ളൈ 91 പ്രവര്‍ത്തിക്കുകയെന്ന് ഇനോഗ്രല്‍ ഓഫര്‍ പ്രഖ്യാപിച്ചുകൊണ്ട് കമ്പനി എംഡിയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മനോജ് ചാക്കോ പറഞ്ഞു.

രണ്ട് എടിആര്‍ 72-600 വിമാനങ്ങളാണ് തുടക്കത്തില്‍ ഫ്ളൈ 91നു വേണ്ടി വിമാന സര്‍വീസുകള്‍ നടത്തുക. വരും മാസങ്ങളില്‍ നാലു വിമാനങ്ങള്‍ കൂടി എത്തുന്നതോടെ ഫ്ളൈ 91 കൂടുതല്‍ സജീവമാവും. സര്‍ക്കാരിന്റെ റീജിയണല്‍ കണക്ടിവിറ്റി സ്‌കീമായ ഉഡാന്‍ പ്രോത്സാഹിപ്പിക്കുന്നതാണ് ഫ്ളൈ 91 ശ്രമങ്ങള്‍.

കേരളത്തിലും വിമാനയാത്രക്കാരുടെ കണക്കില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നത് ചെറുനഗരങ്ങളെ ലക്ഷ്യമിടുന്ന ഫ്‌ളൈ91ന് പ്രതീക്ഷ നല്‍കുന്ന കണക്കുകളാണ്.