
കറാച്ചി : പാകിസ്ഥാനിലെ തന്ത്രപ്രധാനമായ ഗ്വാദർ തുറമുഖത്തിന് നേരെ ഭീകരാക്രമണം. 7 ഭീകരരെ വെടിവച്ചു കൊന്നെന്ന് സുരക്ഷാ സേന അറിയിച്ചു. ഇന്നലെ ഗ്വാദർ പോർട്ട് അതോറിറ്റി ( ജി.പി.എ ) കോംപ്ലക്സിലേക്ക് അതിക്രമിച്ച് കടന്ന ഭീകരർ ബോംബെറിയുകയും വെടിവയ്പ് നടത്തുകയും ചെയ്തു. ബലൂച് ലിബറേഷൻ ആർമി തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിൽ. തുറമുഖത്ത് പാക് ചാര സംഘടനയായ ഐ.എസ്.ഐയുടെയും സൈനിക ഇന്റലിജൻസിന്റെയും ഓഫീസുകളാണ് ആക്രമിച്ചതെന്ന് ബലൂച് ലിബറേഷൻ ആർമി പ്രസ്താവനയിൽ അറിയിച്ചു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഗ്വാദറിൽ അറേബിക്കടലിൽ സ്ഥിതി ചെയ്യുന്ന തുറമുഖം പാക് - ചൈന സാമ്പത്തിക ഇടനാഴിയുടെ ഭാഗമാണ്. ധാതു സമ്പുഷ്ടമായ ബലൂചിസ്ഥാനിലെ വൻ ചൈനീസ് നിക്ഷേപത്തിന് എതിരാണ് ബലൂച് ലിബറേഷൻ ആർമി. ചൈനയുമായി ബന്ധമുള്ള പാക് പദ്ധതികൾക്ക് നേരെ ഇവർ ഇതിന് മുമ്പും ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.