sobha

ബംഗളൂരു: വിദ്വേഷ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി ശോഭ കരന്ദലജെയ്‌ക്കെതിരെ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം. കര്‍ണാടക ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബംഗളൂരു നോര്‍ത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് കരന്ദലജെ.

പെരുമാറ്റച്ചട്ട പ്രകാരം നടപടിയെടുത്ത് 48 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ഡിഎംകെ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. കേന്ദ്ര മന്ത്രിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ദീപ അനില്‍ കേരളത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.

നേരത്തെ തമിഴ്‌നാടിനെതിരായ പരാമര്‍ശത്തില്‍ ശോഭ മാപ്പു പറഞ്ഞിരുന്നു. സമൂഹ മാദ്ധ്യമത്തിലൂടെയാണ് തമിഴ് ജനതയോട് ഇവര്‍ മാപ്പ് ചോദിച്ചത്. പരാമര്‍ശത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അടക്കമുള്ളവര്‍ കടുത്ത അതൃപ്തിയുമായി രംഗത്തെത്തിയതോടെയാണ് കരന്ദലജെ മാപ്പ് പറഞ്ഞത്. എന്നാല്‍ കേരളത്തിനെതിരായ പരാമര്‍ശത്തില്‍ ഇവര്‍ മറുപടി പറഞ്ഞിരുന്നില്ല.

തമിഴ്‌നാട്ടുകാര്‍ ബംഗളൂരുവിലെത്തി സ്‌ഫോടനങ്ങള്‍ നടത്തുന്നു. കേരളത്തിലെ ആളുകള്‍ കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു ശോഭയുടെ പരാമര്‍ശം.