copter


കൊച്ചി: ബോട്ടില്‍ മണിക്കൂറുകള്‍ നീളുന്ന തീരനിരീക്ഷണം ഇനി കോസ്റ്റല്‍ പൊലീസിന് മിനിട്ടുകള്‍ക്കുള്ളില്‍ തീര്‍ക്കാം. കൂടുതല്‍ വേഗത്തിലും ഫലപ്രദമായും നിരീക്ഷണത്തിന് സഹായിക്കുന്ന ഹെലികോപ്ടറിന്റെ സേവനം സേനയ്ക്കു ലഭിച്ചു. മുഖ്യമന്ത്രിയുടെ യാത്രയ്ക്കും മറ്റുമായി സര്‍ക്കാര്‍ വാടകയ്ക്കെടുത്ത സ്വകാര്യ കോപ്ടറാണിത്.

കൊച്ചി മുതല്‍ കൊല്ലം നീണ്ടകര വരെയുള്ള തീരം ഹെലികോപ്ടറില്‍ അരിച്ചുപെറുക്കി മടങ്ങിയെത്താന്‍ പൊലീസിന് വേണ്ടിവന്നത് വെറും ഒരു മണിക്കൂര്‍ 10 മിനിട്ട് മാത്രം.

കൊച്ചിക്ക് പുറമേ, ബേപ്പൂര്‍, കണ്ണൂര്‍ ഏഴിമല, തിരുവനന്തപുരം കോസ്റ്റല്‍ സ്റ്റേഷന്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് രണ്ട് മാസം കൂടുമ്പോഴാണ് ഹെലികോപ്ടര്‍ നിരീക്ഷണം. കോസ്റ്റല്‍ പൊലീസ് മേധാവി മുതല്‍ അതത് സ്റ്റേഷനിലെ എസ്.എച്ച്.ഒയടക്കം ആറ് പേര്‍ നിരീക്ഷണ സംഘത്തിലുണ്ടാകും. ഇതുവരെ നാല് നിരീക്ഷണപ്പറക്കല്‍ നടത്തി.

തീരവും പുറങ്കടലും 12 നോട്ടിക്കല്‍ മൈല്‍ വരെ ഒറ്റനോട്ടത്തില്‍ വ്യക്തമാകുമെന്നതാണ് ഹെലികോപ്ടര്‍ നിരീക്ഷണത്തിന്റെ മേന്മ. ആകാശ ദൃശ്യം കാമറയില്‍ പകര്‍ത്തി വിശകലനം ചെയ്ത് മുന്‍കരുതലുകള്‍ തീരുമാനിക്കും. ഇത് അതത് കോസ്റ്റല്‍ എസ്.എച്ച്.ഒമാര്‍ക്ക് കൈമാറി തീരസുരക്ഷ ശക്തമാക്കും. ഇതോടൊപ്പം ബോട്ടുകളില്‍ പുറങ്കടലിലും ജീപ്പില്‍ തീരത്തും പട്രോളിംഗ് തുടരും.

നിരീക്ഷിക്കുന്നത്

• മത്സ്യബന്ധ ബോട്ടുകള്‍

• സംശയാസ്പദമായ യാനങ്ങള്‍

• വള്ളങ്ങള്‍ കയറ്റിവയ്ക്കുന്നയിടങ്ങള്‍

• സാമൂഹ്യവിരുദ്ധരുടെ കേന്ദ്രങ്ങള്‍

• സംശയാസ്പദമായ സ്ഥലങ്ങള്‍

• എത്തിപ്പെടാന്‍ പറ്റാത്തയിടങ്ങള്‍

4 പറക്കല്‍

കൊച്ചി - ആലപ്പുഴ - നീണ്ടകര

തിരുവനന്തപുരം - വിഴിഞ്ഞം - നീണ്ടകര

ബേപ്പൂര്‍ - തൃശൂര്‍ - മലപ്പുറം - കോഴിക്കോട്

കണ്ണൂര്‍ - കണ്ണൂര്‍ - കാസര്‍കോട്

ചിപ്സണ്‍

ഡല്‍ഹി ആസ്ഥാനമായ ചിപ്സണ്‍ ഏവിയേഷന്‍ കമ്പനിയില്‍ നിന്നാണ് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്തിരിക്കുന്നത്. 80 ലക്ഷം രൂപയാണ് മാസ വാടക. മൂന്ന് വര്‍ഷത്തേയ്ക്കാണ് കരാര്‍. മാസം ഇരുപത് മണിക്കൂര്‍ ഉപയോഗിക്കാം. അധികമായി വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതം നല്‍കണം.