g

ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂടാണ് കഴിഞ്ഞ വർഷം ലോക കാലാവസ്ഥാ വകുപ്പ് രേഖപ്പെടുത്തിയത്. എന്നാൽ അതിലും ഭയാനകമായ രീതിയിൽ താപനില 2024ൽ ഉയർന്നേക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എൽനിനോയുടെ ആധിക്യമാണ് പ്രധാന കാരണമെങ്കിലും കാർബൺ വാതകങ്ങളുടെ വർദ്ധനവും പ്രശ്നത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു. സമുദ്ര ജലനിരപ്പ് 4.77 മില്ലിമീറ്റർ ഓരോ വർഷവും കൂടുകയാണ്. ശരാശരി വേനൽകാല താപനിലയായ 34 ഡിഗ്രി സെൽഷ്യസും കടന്ന് കേരളത്തിലെ 10 ജില്ലകൾ യെല്ലോ അലാർട്ടിലേക്ക് മാറുകയാണ്. അതായത് 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാമെന്ന്.
ഇന്ന് ലോകം ജലദിനമാചരിക്കുകയാണ്. സമാധാനത്തിനായി ജലത്തെ പ്രയോജനപ്പെടുത്തുക എന്നതാണ് ഈ വർഷത്തെ ജലാചരണ ദിന വിഷയം. ലോക ജനസംഖ്യയിലെ മൂന്നിലൊന്നായ 250 കോടിയിലധികം വരുന്നവർക്ക് കുടിവെള്ളം ഇപ്പോഴും കിട്ടാക്കനിയാണ്. 300 കോടിയിൽപരം പേർക്ക് ശുചിത്വ സൗകര്യങ്ങളുമില്ല. ജലക്ഷാമവും ജലമലിനീകരണവും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഭൂഗർഭജല ചൂഷണം അതിന്റെ ഉച്ചസ്ഥായിലും. ഉപരിതല ജലസ്രോതസ്സുകളെല്ലാം നശിപ്പിക്കുകയോ മലിനപ്പെടുത്തുകയോ ചെയ്യുന്ന നിലയിൽ. ജല ദുരുപയോഗവും ജല കച്ചവടവും തകൃതിയായി അരങ്ങേറുന്നു. കുറച്ച് നാൾ മുൻപ് പ്രളയമായിരുന്ന ബംഗളൂരു നഗരം ഇന്നിപ്പോൾ ജലക്ഷാമത്തിലാണ്. കോയമ്പത്തൂരിലെ കോളേജുകൾ ഉൾപ്പെടെ വെള്ളമില്ലാതെ അടച്ചിട്ടു.

2030ൽ തുടങ്ങി 2050 വരെ ആകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ ഭൂജല പ്രതിസന്ധി നേരിടുന്നത് ഇന്ത്യയിലാണെന്ന് ലോകബാങ്കും ലോക കാലാവസ്ഥാ ഓർഗനൈസേഷനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആൽസനിക്, ഇരുമ്പ് മറ്റ് രാസവസ്തുക്കൾ മൂലം ഭൂജലം മലിനപ്പെടുകയാണ്. നദീജല കരാറുകൾ സംഘർഷങ്ങളിലേക്ക് മാറി. കാവേരിയും മുല്ലപെരിയാറും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. വെള്ളത്തിൽ നിന്നും ഹൈഡ്രജൻ വേർതിരിച്ചെടുത്ത് ഇന്ധനമാക്കുന്നു. കടൽവെള്ളം ചെലവ് കുറഞ്ഞ നിലയിൽ ശുദ്ധീകരിക്കുവാനുള്ള രീതികൾ വികസിപ്പിച്ചു വരികയാണ്. ഇതെല്ലാം വ്യാപകമാകുമ്പോൾ വെള്ളമുള്ള രാജ്യങ്ങളുടെ മേലായിരിക്കും എല്ലാവരുടെയും നോട്ടം. ഒരിക്കൽ സ്വർണവും പെട്രോളിയം ഉത്പന്നങ്ങളും യുദ്ധത്തിനും സംഘർഷത്തിനും കാരണമായെങ്കിൽ ഇനി ജലത്തിനു മേലായിരിക്കും അടുത്ത യുദ്ധം.

കുടിവെള്ളം, കൃഷി, വ്യവസായം, ജല ടൂറിസം, ജലവൈദ്യുതി, ആരോഗ്യം, ശുചിത്വം തുടങ്ങിയവക്കെല്ലാം ജലമാണ് അടിസ്ഥാന വിഭവം. ഒരു സെക്കൻഡിൽ ഒരു തുള്ളി ശുദ്ധജലം എന്ന ക്രമത്തിൽ നഷ്ടമാകുമ്പോൾ ഒരു ദിവസം 125 ലിറ്റർ ജലം ഇല്ലാതാകുന്നു. അഞ്ചംഗ കുടുംബത്തിന്റെ ഒരു ദിവസത്തെ ജലം. ഓരോരുത്തരും ഒരു ദിവസം ഒരു ലിറ്റർ ശുദ്ധജലം സംരക്ഷിച്ചാൽ 800 കോടി ലിറ്റർ വെള്ളം കരുതാനാകും. കേരളത്തിലെ മൂന്ന് കോടി 60 ലക്ഷം ആളുകൾ ഒരു ലിറ്റർ സംരക്ഷിച്ചാൽ മൂന്നുകോടി 60 ലിറ്റർ വെള്ളം ലഭിക്കും.
സ്വാഭാവിക ജലസ്രോതസ്സുകളും സംഭരണികളുമായ കാടുകൾ, കാവുകൾ, കുളങ്ങൾ, നദികൾ, എന്നിവ പരമാവധി നിലനിറുത്തേണ്ടതും പ്രധാനമാണ്. മഴവെള്ള സംഭരണം നിയമം വേണമെന്നുണ്ടെങ്കിലും പ്രയോഗത്തിൽ കാണുന്നില്ല. തൊഴിലുറപ്പ് പദ്ധതിയിൽ കിണർനിറ ഒരു പ്രധാന വിഷയമാണെങ്കിലും അതും വേണ്ടത്ര മുന്നോട്ടു പോകുന്നില്ല. കൂടുതൽ മഴ ലഭിക്കുന്ന ഭൂപ്രദേശങ്ങളിൽ ഉൾപ്പെട്ട കേരളത്തിലും മഴയൊന്നു മാറിയാൽ വരൾച്ചയും ജലക്ഷാമവുമാണ്. പർവതജന്യമായ മഴ വിഭാഗത്തിൽപ്പെട്ട കേരളത്തിൽ മഴപെയ്യുന്നതിൽ ഇടനാടൻ മലകൾക്കും പശ്ചിമഘട്ട മലനിരകൾക്കും വലിയ പങ്കാണുള്ളത്. ഭൂവിനിയോഗത്തിലുണ്ടാകുന്ന മാറ്റം സൂക്ഷ്മ കാലാവസ്ഥയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.
കേരളത്തിന്റെ മണ്ണിന്റെ ഘടനയും ഭൂമിയുടെ ചരിവിലെ വ്യതിയാനവും ഭൂവിനിയോഗവും എല്ലാംകൊണ്ട് ഉപരിതല നീരൊഴുക്ക് വളരെ കൂടുതലാണ്. മഴയുടെ നല്ലൊരു ഭാഗവും 42 മുതൽ 72 മണിക്കൂറിനകം കടലിലേക്ക് പോവുകയാണ്. ജലചക്രവ്യവസ്ഥ നിലനിൽക്കുവാൻ മഴവെള്ളം കടലിലേക്ക് പോകണം. മാത്രമല്ല മണ്ണിന്റെ താപനില ക്രമപ്പെടുത്തുവാനും ശുചീകരണം നടത്തുവാനും മഴവെള്ളം ഒഴുകേണ്ടതുണ്ട്. കേരളത്തിൽ അതേസമയം 10ശതമാനം മഴവെള്ളം കൂടി കൃത്രിമ മാർഗങ്ങളിൽ സംരക്ഷിക്കുവാനും സംഭരിക്കുവാനും കഴിഞ്ഞാൽ ജല പ്രതിസന്ധി പരിഹരിക്കുവാൻ കഴിയുന്നതാണ്. സമഗ്രമായ മഴവെള്ള സംഭരണവും ജലസംരക്ഷണവും പ്രധാനമാണ്.