ai

സാങ്കേതികവിദ്യയുടെ ശക്തിയെക്കുറിച്ചും അതിന്റെ അപകടങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതിനായി ഡെന്മാർക്കിലെ ഗവേഷകർ നിരവധി പഠനങ്ങൾ നടത്താറുണ്ട്. ഇതിനായി ദശലക്ഷക്കണക്കിന് ആളുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കൃത്രിമ ബുദ്ധി ഉപയോഗിച്ചാണ് ഇവർ പഠനങ്ങൾ നടത്തുന്നത്.

'ലൈഫ് 2 വെക്ക്' എന്ന എഐ ആണ് ഒരാൾ എത്രകാലം ജീവിക്കുമെന്ന കാര്യം പ്രവചിക്കുന്നത്. മാത്രമല്ല, മരണസമയത്ത് എത്രരൂപ നിങ്ങളുടെ കൈവശം ഉണ്ടാകുമെന്നും ലൈഫ് 2 വെക്കിന് പ്രവചിക്കാൻ സാധിക്കും.

മനുഷ്യജീവിതത്തെക്കുറിച്ച് വളരെ കൃത്യമായ പ്രവചനം നൽകുന്നതിനുള്ള രീതിയിലാണ് ലൈഫ് 2 വെക്ക് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നാണ് ഡെന്മാർക്കിലെ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിലെ (DTU) പ്രൊഫസറായ സുനെ ലേമാൻ പറയുന്നത്. ജേണൽ നേച്ചർ കമ്പ്യൂട്ടേഷണൽ സയൻസിലാണ് അദ്ദേഹത്തിന്റെ ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അനന്തമായ സാദ്ധ്യതകളാണ് ലൈഫ് 2 വെക്ക് തുറന്നുകാട്ടുന്നതെന്നാണ് ലേമാൻ പറയുന്നത്. പൊണ്ണത്തടി, കാൻസർ തുടങ്ങിയ രോഗങ്ങൾ പ്രവചിക്കാനും ലൈഫ് 2 വെക്കിന് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ചാറ്റ് ജിപിറ്റിക്ക് സമാനമായ ആൽഗൊരിതമാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. എന്നാൽ, ഇതിൽ കൂടുതലും ഒരാളുടെ ജിവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കാര്യങ്ങളാണ് അറിയാൻ സാധിക്കുക. ഉദാഹരണത്തിന് ജനനം, വിദ്യാഭ്യാസം, സാമുഹിക ആനുകൂല്യങ്ങൾ, വർക്ക് ഷെഡ്യൂളുകൾ, വിവാഹം, മരണം പോലുള്ള കാര്യങ്ങളാണ് ലൈഫ് 2 വെക്ക് വിശകലനം ചെയ്യുന്നത്.

ഇതിനിടെ ലൈഫ് 2 വെക്കിന് സമാനമായി നിങ്ങളുടെ ആയുർദൈർഘ്യം പ്രവചിക്കാമെന്ന തരത്തിൽ പല വ്യാജ സൈറ്റുകളും വന്നിട്ടുണ്ട്. ഇതിലൂടെ പലരുടെയും വ്യക്തിഗത വിവരങ്ങൾ ചോർത്താനാണ് അവർ ശ്രമിക്കുന്നത്.

ലൈഫ് 2 വെക്ക് ഇപ്പോൾ ഇന്റർനെറ്റിൽ ലഭ്യമല്ലെന്നാണ് നിർമാതാക്കൾ പറയുന്നത്. ആറ് ദശലക്ഷം ആളുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണ് സ്റ്റാറ്റിസ്റ്റിക്സ് ഡെൻമാർക്ക് ഏജൻസി പഠനം നടത്തിയിട്ടുള്ളത്. ലൈഫ് 2 വെക്കിന്റെ പ്രവചനം 78ശതമാനത്തോളം ശരിയാണെന്നും കണ്ടെത്തി. 35 നും 65 നും മദ്ധ്യേ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. ഈ പ്രായപരിധിയിൽ മരണങ്ങൾ കുറവായിരിക്കും അതിനാലാണ് ഇത് തിരഞ്ഞെടുത്തതെന്നാണ് ഗവേഷകർ പറയുന്നത്.