ipl

ചെന്നൈ : ഇന്ത്യൻ ക്രിക്കറ്റിന്റെ തലവര മാറ്റിയ ഐ.പി.എൽ ക്രിക്കറ്റിന് ഇത് മധുരപ്പതിനേഴിന്റെ നിറവ്. 2008ൽ എട്ടു ഫ്രാഞ്ചൈസികളുമായി തുടങ്ങി ക്രിക്കറ്റിന്റെ വർത്തമാനം മാറ്റിയെടുത്തിയ ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റിന്റെ 17-ാം സീസണിന് ഇന്ന് ചെന്നൈയിലെ ചെപ്പോക്ക് എം.എ ചിദംബരം സ്റ്റേഡിയത്തിൽ തിരിതെളിയുമ്പോഴും ലോകത്തെ ഏറ്റവും മികച്ച താരങ്ങൾ കളിക്കുന്ന, ഏറ്റവും കൂടുതൽ പണമൊഴുകുന്ന, ആരാധകസഹസ്രങ്ങൾ കാത്തിരിക്കുന്ന ക്രിക്കറ്റ് ലീഗ് എന്ന പെരുമയ്ക്ക് ഒരുമാറ്റവുമില്ല.എന്നാൽവലിയൊരു മാറ്റത്തിന്റെ പാതയിലാണ് ഈ സീസൺ. നായകരായി ഇത്രയും നാൾ നിറഞ്ഞുനിന്ന മഹേന്ദ്ര സിംഗ് ധോണിയും രോഹിത് ശർമ്മയും വിരാട് കൊഹ്‌ലിയുമൊന്നും ഈ സീസണിൽ നായകരല്ല എന്നതാണ് പ്രധാനമാറ്റം.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ആദ്യ ഘട്ടത്തിലെ കുറച്ചുമത്സരങ്ങളുടെ ഫിക്സചർ മാത്രമാണ് ബി.സി.സി.ഐ പുറത്തുവിട്ടതെങ്കിലും ഫുൾ സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി കാത്തിരിക്കുകയാണ് എല്ലാ ടീമുകളും. കഴിഞ്ഞ ഡിസംബറിലെ താരലേലത്തിൽ തങ്ങൾക്ക് ആവശ്യമുള്ളവരെ നിലനിറുത്തിയും പോരാത്തവരെ വാങ്ങിയും കച്ചകെട്ടിയ ടീമുകളിൽ അവസാന നിമിഷം നായകനെ മാറ്റേണ്ടിവന്നവരുണ്ട്, പ്രമുഖ താരങ്ങളെ പരിക്കുമൂലം കളിപ്പിക്കാൻ ഇറക്കാൻ കഴിയാത്തവരുണ്ട്, ടീമിന്റെ പേരിലും ലോഗോയിലും നേരിയ മാറ്റം വരുത്തി ഭാഗ്യം തേടിപ്പിടിക്കാമെന്ന് പ്രതീക്ഷിക്കുന്നവരുണ്ട്.

ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിനെതിരെ സീസണിലെ ഉദ്ഘാടന മത്സരത്തിനിറങ്ങുന്ന ചെന്നൈ നായകസ്ഥാനത്താണ് മാറ്റം വരുത്തിയിരിക്കുന്നത്. ആദ്യ സീസൺ മുതൽ തങ്ങളെ നയിച്ച, തല എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന മഹേന്ദ്രസിംഗ് ധോണിക്ക് പകരം യുവതാരം റുതുരാജ് ഗെയ്ക്ക്‌വാദാണ് ഇക്കുറി ടീമിനെ നയിക്കുകയെന്ന് ഇന്നലെയാണ് ചെന്നൈ സൂപ്പർ കിംഗ്സ് അറിയിച്ചത്. ധോണി കളിക്കാരനായി ടീമിൽ തുടരും. ഇന്നലെ ടൂർണമെന്റിന്റെ ഉദ്ഘാടനത്തിന് മുമ്പുള്ള ക്യാപ്ടന്മാരുടെ പതിവ് ഫോട്ടോസെഷനുവേണ്ടി റുതുവാണ് ചെന്നൈയെ പ്രതിനിധീകരിച്ചെത്തിയത്. ഇന്ന് ചെന്നൈയെ എതിരിടുന്ന ആർ.സി.ബി പേരിലും ലോഗോയിലുമാണ് നേരിയ മാറ്റം വരുത്തിയത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ എന്നതിന് പകരം റോയൽ ചലഞ്ചേഴ്സ് ബെംഗളുരു എന്നാണ് ആർ.സി.ബി ഇനി അറിയപ്പെടുക. ലോഗോയിലും ഈ മാറ്റം പ്രതിഫലിക്കുന്നു.

മുൻ ചാമ്പ്യന്മാരായ മുംബയ് ഇന്ത്യൻസിന് ഇക്കുറി അപ്രതീക്ഷിത ക്യാപ്ടനാണ്. അഞ്ചു തവണ കിരീടജേതാക്കളാക്കിയ നായകൻ രോഹിത് ശർമ്മയെ തൽസ്ഥാനത്തുനിന്ന് മാറ്റിയ മുംബയ് ഇന്ത്യൻസ് തങ്ങളുടെ മുൻ താരവും ഗുജറാത്ത് ടൈറ്റാൻസിനെ ആദ്യ സീസണിൽ കിരീ‌ടത്തിലെത്തിച്ച നായകനുമായ ഹാർദിക് പാണ്ഡ്യയെയാണ് ഇക്കുറി കപ്പിത്താന്റെ കസേരയിൽ ഇരുത്തിയിരിക്കുന്നത്. നായകനായി മാത്രം തിരിച്ചുവരാൻ സമ്മതമറിയിച്ച ഹാർദിക്കിന് വേണ്ടി ഇന്ത്യൻ ക്യാപ്ടനായ രോഹിതിനെ ഒഴിവാക്കാനെടുത്ത മുംബയ് ഇന്ത്യൻസിന്റെ തീരുമാനം ആരാധകരിൽ പലർക്കും ഇനിയും ദഹിച്ചിട്ടില്ലെന്നത് വേറേകാര്യം. ഹാർദിക്കിന് പകരം യുവ താരം ശുഭ്മാൻ ഗിൽ ഗുജറാത്തിന്റെ ക്യാപ്ടനാകുമ്പോൾ പഞ്ചാബ് കിംഗ്സിനെ നയിക്കുന്നത് വെറ്ററൻ താരം ശിഖർ ധവാനാണ്. ഇന്നലെ ഫോട്ടോഷൂട്ടിന് വൈസ് ക്യാപ്ടൻ ജിതേഷ് ശർമ്മയാണ് പഞ്ചാബിനെ പ്രതിനിധീകരിച്ചെത്തിയത്. കാറപകടത്തിൽ നിന്ന് അത്ഭുതകരമായി തിരിച്ചെത്തിയ റിഷഭ് പന്തിന് ക്യാപ്ടൻ പദവികൂടി തിരിച്ചുനൽകിയാണ് ഡൽഹി ക്യാപ്പിറ്റൽസ് ഈ സീസണിന് ഇറക്കുന്നത്.2022ന് ശേഷമുള്ള റിഷഭിന്റെ ആദ്യ ഐ.പി.എല്ലാണിത്. തുടർച്ചയായ നാലാം സീസണിലും മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്ടൻ കുപ്പായത്തിലുണ്ട്. സൺറൈസേഴ്സ് ഹൈദരാബാദ് വൻതുക കൊടുത്തുവാങ്ങിയ ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസിനെയാണ് എയ്ഡൻ മാർക്രമിന് പകരം നായകനായി അവതരിപ്പിക്കുന്നത്.

ഗുജറാത്ത് ടൈറ്റാൻസിന്റെ ഇന്ത്യൻ സൂപ്പർ പേസർ മുഹമ്മദ് ഷമിക്ക് പരിക്ക് മൂലം ഈ സീസൺ ഐ.പി.എൽ നഷ്‌ടമാകും. സ്പോർട്സ് ഹെർണിയയ്ക്കുള്ള ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന മുംബയ് ഇന്ത്യൻസിന്റെ സൂര്യകുമാർ യാദവിനും ആദ്യ മത്സരങ്ങൾ മിസ്സാകും. ചെന്നൈ സൂപ്പർകിംഗ്സിന്റെ ഡെവോൺ കോൺവേയ്, മഹേഷ് പതിരാണ,ഡൽഹി ക്യാപ്പിറ്റൽസിന്റെ ലുംഗി എൻഗിഡി,ഹാരി ബ്രൂക്ക്, മുംബയ് ഇന്ത്യൻസിന്റെ ബെഹറൻഡോർഫ്,മധുശങ്ക,രാജസ്ഥാൻ റോയൽസിന്റെ പ്രസിദ്ധ് കൃഷ്ണ തുടങ്ങിയവരും പരിക്കിന്റെ പിടിയിലാണ്.

ഐ.പി.എൽ ചാമ്പ്യന്മാർ ഇതുവരെ

2008 - രാജസ്ഥാൻ റോയൽസ്

2009 - ഡെക്കാൻ ചാർജേഴ്സ്

2010 - ചെന്നൈ സൂപ്പർ കിംഗ്സ്

2011 -ചെന്നൈ സൂപ്പർ കിംഗ്സ്

2012 - കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

2013 - മുംബയ് ഇന്ത്യൻസ്

2014 -കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

2015 -മുംബയ് ഇന്ത്യൻസ്

2016 -സൺറൈസേഴ്സ് ഹൈദരാബാദ്

2017 -മുംബയ് ഇന്ത്യൻസ്

2018 -ചെന്നൈ സൂപ്പർ കിംഗ്സ്

2019 - മുംബയ് ഇന്ത്യൻസ്

2020 -മുംബയ് ഇന്ത്യൻസ്

2021 -ചെന്നൈ സൂപ്പർ കിംഗ്സ്

2022 - ഗുജറാത്ത് ടൈറ്റാൻസ്

2023 -ചെന്നൈ സൂപ്പർ കിംഗ്സ്

ആദ്യ ഐ.പി.എൽ കിരീടം ഏറ്റുവാങ്ങിയ നായകൻ ഷേൻ വാണാണ്. ക്യാപ്ടനായി മാത്രമല്ല, പരിശീലകനായും മെന്റർ ആയുമൊക്കെ തന്റെ ജീവിത അവസാന വരെ വാൺ രാജസ്ഥാൻ റോയൽസിന്റെ ഒപ്പമുണ്ടായിരുന്നു.

ഏറ്റവും കൂടുതൽ തവണ ഐ.പി.എൽ കിരീടമുയർത്തിയത് രണ്ട് ടീമുകളാണ് ; മുംബയ് ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും. രണ്ട് ടീമുകളെയും അഞ്ചുസീസണുകളിലും കിരീ‌ടത്തിലേക്ക് നയിച്ചത് ഒരേ നായകരാണ്. മുംബയ്‌യെ രോഹിത് ശർമ്മയും ചെന്നൈയിനെ മഹേന്ദ്ര സിംഗ് ധോണിയും.

രണ്ട് ടീമുകൾക്ക് വേണ്ടി ഐ.പി.എൽ കിരീ‌ടം നേടിയ കളിക്കാരനാണ് രോഹിത് ശർമ്മ. 2009ൽ ഡെക്കാൻ ചാർജേഴ്സിന് വേണ്ടിയായിരുന്നു രോഹിതിന്റെ കിരീടം.ആ സീസണിലെ മികച്ച യുവതാരമായതും രോഹിത് ആയിരുന്നു.

വിരാട് കൊഹ്‌ലി കരിയറിൽ ഒരു ടീമിന് വേണ്ടി മാത്രമേ കളിച്ചിട്ടുള്ളൂ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരിന് വേണ്ടി. നിരവധി സീസണുകളിൽ ആർ.സി.ബിയെ നയിച്ചെങ്കിലും ക്ളബിനെ കിരീടമണിയിക്കാൻ കൊഹ്‌ലിക്ക് കഴിഞ്ഞില്ല.

ഡൽഹി ,പഞ്ചാബ്, പൂനെ,കൊച്ചി,ലക്നൗ ഫ്രാഞ്ചൈസികൾക്കും ബാംഗ്ളൂരിനെപ്പോലെ ഇതുവരെ കിരീടത്തിൽ മുത്തമിടാൻ കഴിഞ്ഞിട്ടില്ല.

പല ടീമുകൾക്കും പേരുമാറ്റവും സംഭവിച്ചു. ഡെക്കാൻ ചാർജേഴ്സ് സൺറൈസേഴ്സ് ഹൈദരാബാദായി. കിംഗ്സ് ഇലവൻ പഞ്ചാബ് പിന്നീട് പഞ്ചാബ് കിംഗ്സായി. ഡെൽഹി ഡെയർ ഡെവിൾസാണ് ഡൽഹി ക്യാപ്പിറ്റൽസ് ആയി മാറിയത്. ഒടുവിൽ ആർ.സി.ബി റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവായി.

2011ൽ കൊച്ചിൻ ടസ്കേഴ്സ്, പൂനെ വാരിയേഴ്സ് എന്നീ രണ്ട് ടീമുകളെക്കൂടിച്ചേർത്തു. എന്നാൽ സാമ്പത്തിക പ്രശ്നങ്ങളിൽ കുടുങ്ങി ഒറ്റ സീസണിലേ ഈ ടീമുകൾ കളത്തിലിറങ്ങിയുള്ളൂ.

2017ലും 2018ലും ചെന്നൈ സൂപ്പർ കിംഗ്സിനെയും രാജസ്ഥാൻ റോയൽസിനെയും വിലക്കിയപ്പോൾ അക്കാലയളവിലേക്ക് മാത്രം റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സ്, ഗുജറാത്ത് ലയൺസ് എന്നീ രണ്ട് ടീമുകളെ കളത്തിലിറക്കി.

2022ലാണ് അവസാനമായി പുതിയ രണ്ട് ടീമുകളെ ഉൾപ്പെടുത്തിയത്. ഗുജറാത്ത് ടൈറ്റാൻസും ലക്നൗ ലയൺസും. ആദ്യ സീസണിൽ തന്നെ ഹാർദിക് പാണ്ഡ്യ നയിച്ച ടൈറ്റാൻസ് കിരീടം നേടി.

ആദ്യ ഘട്ട ഫിക്സ്ചർ

മാർച്ച് 22 മുതൽ ഏപ്രിൽ ഏഴുവരെയുള്ള 17 ദിവസത്തെ 21 മത്സരങ്ങളുടെ ഫിക്സ്ചറാണ് പുറത്തുവിട്ടത്.

ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരും തമ്മിലുള്ള മത്സരത്തോടെയാണ് സീസണിന് തുടക്കമാകുന്നത്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരത്തിന് വേദിയൊരുങ്ങുക.

ആദ്യഘട്ടത്തിൽ വേദികളാകുന്ന 10 നഗരങ്ങളിലും കളിയുണ്ടാകും. ഓരോ ടീമിനും കുറഞ്ഞത് മൂന്ന് മത്സരങ്ങളും കൂടിയത് അഞ്ചു മത്സരങ്ങളും ഈ ഘട്ടത്തിലുണ്ടാകും.

രാത്രി എട്ടു മണിക്കാണ് മത്സരം തുടങ്ങുന്നത്. ആദ്യ വാരാന്ത്യത്തിൽ രണ്ട് മത്സരങ്ങളുണ്ടാകും.

കഴിഞ്ഞ സീസണിലേതുപോലെ 10 ടീമുകളാണ് ഇത്തവണയും മത്സരിക്കുന്നത്. അഞ്ചു ടീമുകൾ അടങ്ങുന്ന രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് സ്വന്തം ഗ്രൂപ്പിലെ മറ്റ് നാലു ടീമുകളുമായി ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ രണ്ട് തവണ ഏറ്റുമുട്ടും. എതിർ ഗ്രൂപ്പിലെ ഒരു ടീമുമായി രണ്ട് മത്സരവും മറ്റ് നാലു ടീമുകളുമായി ഓരോ മത്സരവും . അങ്ങനെ ഒരു ടീമിന് 14 മത്സരങ്ങൾ.

ഐ.പി.എൽ ആദ്യ ഘട്ട ഫിക്സ്ചർ

മാർച്ച് 22 വെള്ളി

ചെന്നൈ Vs ബാംഗ്ളൂർ

മാർച്ച് 23 ശനി

പഞ്ചാബ് Vs ഡൽഹി

കൊൽക്കത്ത Vs ഹൈദരാബാദ്

മാർച്ച് 24 ഞായർ

രാജസ്ഥാൻ Vs ലക്നൗ

ഗുജറാത്ത് Vs മുംബയ്

മാർച്ച് 25 തിങ്കൾ

ബാംഗ്ളൂർ Vs പഞ്ചാബ്

മാർച്ച് 26 ചൊവ്വ

ചെന്നൈ Vs ഗുജറാത്ത്

മാർച്ച് 27 ബുധൻ

ഹൈദരാബാദ് Vs മുംബയ്

മാർച്ച് 28 വ്യാഴം

രാജസ്ഥാൻ Vs ഡൽഹി

മാർച്ച് 29 വെള്ളി

ബാംഗ്ളൂർ Vs കൊൽക്കത്ത

മാർച്ച് 30 ശനി

ലക്നൗ Vs പഞ്ചാബ്

മാർച്ച് 31 ഞായർ

ഗുജറാത്ത് Vs ഹൈദരാബാദ്

ഡൽഹി Vs ചെന്നൈ

ഏപ്രിൽ 1 തിങ്കൾ

മുംബയ് Vs രാജസ്ഥാൻ

ഏപ്രിൽ 2 ചൊവ്വ

ബാംഗ്ളൂർ Vs ലക്നൗ

ഏപ്രിൽ 3 ബുധൻ

ഡൽഹി Vs കൊൽക്കത്ത

ഏപ്രിൽ 4 വ്യാഴം

ഗുജറാത്ത് Vs പഞ്ചാബ്

ഏപ്രിൽ 5 വെള്ളി

ഹൈദരാബാദ് Vs ചെന്നൈ

ഏപ്രിൽ 6 ശനി

രാജസ്ഥാൻ Vs ബാംഗ്ളൂർ

ഏപ്രിൽ 7 ഞായർ

മുംബയ് Vs ഡൽഹി

ലക്നൗ Vs ഗുജറാത്ത്

( ആദ്യ ദിവസം രാത്രി എട്ടുമണിക്കാണ് കളി തുടങ്ങുന്നത്. പിന്നീട് ഒരു കളി ഉള്ള ദിവസം രാത്രി എട്ടു മണിക്ക് തുടങ്ങും. രണ്ട് മത്സരങ്ങൾ ഉള്ള ദിവസം ആദ്യ കളി വൈകിട്ട് 3.30നും രണ്ടാം കളി 7.30നും )