ksrtc-

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ഓർഡിനറിയായി സർവീസ് നടത്തിയിരുന്ന ഇ-ബസുകൾ സിറ്റി ഫാസ്റ്റുകളാക്കി മാറ്റിത്തുടങ്ങി. അവയിൽ മിനിമം നിരക്ക് പത്തിൽ നിന്ന് പന്ത്രണ്ടു രൂപയാക്കി. ആദ്യഘട്ടമെന്ന നിലയിൽ 16 ബസുകളെയാണ് ഫാസ്റ്റാക്കിയത്. മൊത്തം 110 ഇ- ബസുകൾ നഗരത്തിലോടുന്നുണ്ട്. മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിച്ചേക്കും.

കുറഞ്ഞ നിരക്കിൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കാനാണ് ഇ.ബസുകൾ ഓർഡിനറിയായി നഗരത്തിൽ സർവീസ് നടത്തിവരുന്നത്. നഗരത്തിനു പുറത്തേക്ക് ഇ-ബസുകളുടെ സർവീസ് നീട്ടിയാണ് അവ ഫാസ്റ്റാക്കി മാറ്റിയത്.

കിഴക്കേക്കോട്ടയിൽ നിന്ന് നെയ്യാറ്റിൻകര, വെഞ്ഞാറമൂട്, അയിരൂപ്പാറ, പോത്തൻകോട്, വൈങ്ങാനൂർ എന്നിവടങ്ങളിലേക്കാണ് ഇ-ബസുകൾ ഫാസ്റ്റായി ഓടുന്നത്.10, 12, 15 എന്നിങ്ങനെയാണ് ഓർഡിനറി നിരക്ക്. 12,15,18 എന്നിങ്ങനെയാണ് സിറ്റിഫാസ്റ്റിൽ.

സിറ്റി സർക്കുലറായി ഓടുന്ന എട്ടു സർക്കിളിൽ നിന്നു രണ്ട് ബസ് വീതം പിൻവലിച്ചാണ് പരിഷ്കാരം. പോയിന്റ് ടു പോയിന്റ് സർവീസ് എന്ന പേരിലാണ് നിരക്ക് വർദ്ധന. ക്രമേണ എല്ലാ ഇ-ബസുകളും സിറ്റി ഫാസ്റ്റാക്കി വരുമാനം വർദ്ധിപ്പിക്കാനാണ് നീക്കം. നഗരത്തിലെ ഗതാഗത പ്രശ്നത്തിന് പരിഹാരം കാണാനാണ് നഗരസഭ ഇ-ബസുകൾ കെ.എസ്.ആർ.ടി.സിക്ക് ലഭ്യമാക്കിയത്.

മന്ത്രിയുടെ ഓഫീസ് തീരുമാനിക്കും

1.കെ.എസ്.ആർ.ടി.സിയിലെ പരിഷ്കാരങ്ങൾ തീരുമാനിക്കാനുള്ള അവകാശം ഇപ്പോൾ മാനേജ്മെന്റിനില്ലെന്നാണ് കേൾക്കുന്നത്. എല്ലാം മന്ത്രിയുടെ ഓഫീസ് തീരുമാനിക്കും.

കെ.എസ്.ആർ.ടി.സിയിൽ നിന്നു മന്ത്രിയുടെ ഓഫീസ് സ്റ്റാഫിലേക്ക് എത്തിയ ഉദ്യോഗസ്ഥനാണ് പരിഷ്‌കരണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.

2.തിരുവനന്തപുരം നഗരത്തിൽ ഓ‌ർഡിനറി സിറ്റി ബസുകളിൽ ചിലതിനെ സിറ്റി ഫാസ്റ്റാക്കി വരുമാനം വർദ്ധിപ്പിക്കുന്ന രീതി ആരംഭിച്ചത് കെ.ബാലകൃഷ്ണപിള്ള ഗതാഗതവകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ്.