
സുൽത്താൻ ബത്തേരി : കാലം എത്ര മാറിയാലും കാട്ടുനായ്ക്കർ കാലങ്ങളായി തുടരുന്ന ഗോത്രാചാരങ്ങൾ മാറ്റാൻ തയ്യാറല്ല. അതിലൊന്നാണ് ' ഗുമ്മൻ പുരകൾ '. ഋതുമതികളാകുന്ന പെൺകുട്ടികളെ പാർപ്പിക്കുന്ന ഇത്തരം പുരകൾ കാണണമെങ്കിൽ നൂൽപ്പുഴ പഞ്ചായത്തിലെ വനാന്തര ഗ്രാമമായ ചെട്ടിയാലത്തൂരിൽ പോയാൽ മതി. വന്യമൃഗങ്ങൾ വിഹരിക്കുന്ന പ്രദേശമാണെങ്കിലും ഭീതിയും ആശങ്കയും ഇല്ലാതെയാണ് പെൺകുട്ടികൾ വീടിനു സമീപത്തെ ഗുമ്മൻ പുരയിൽ രാത്രിയിലും ഒറ്റയ്ക്ക് കഴിയുന്നത്.
ഗുമ്മൻ പുരയിൽ പ്രത്യേക വാതിലിലൂടെ അമ്മ പെൺകുട്ടിക്ക് ഭക്ഷണം നൽകും. വീട്ടിലെ മറ്റ് അംഗങ്ങളെ കാണാനോ സംസാരിക്കാനോ കഴിയില്ല. ആറടി വ്യാസത്തിൽ ഏഴ് അടി ഉയരത്തിൽ കൂമ്പാരം പോലെ നിർമ്മിച്ച ഗുമ്മൻ പുരയെ താങ്ങിനിർത്തുന്നത് പുരയുടെ മദ്ധ്യത്തിൽ സ്ഥാപിച്ച തൂണാണ്. തൂണിനു ചുറ്റും ചരിച്ച് വെച്ച കോലുകൾ കവുങ്ങിൻപാളകൾ കൊണ്ട് മറക്കും. ഈ കുടിലിനുള്ളിലാണ് പെൺകുട്ടി അന്തിയുറങ്ങുക. പ്രകൃതിയിൽ എല്ലാം സമർപ്പിച്ചും വിശ്വസിച്ചും മലദൈവങ്ങളെ പ്രീതിപ്പെടുത്തിയും 14 ദിവസം ഗുമ്മൻ പുരയിലാണ് ജീവിതം .
ഗുമ്മൻ പുരയിൽ നിന്ന് ആഘോഷത്തോടെ വേണം പെൺകുട്ടിയെ വീട്ടിലേയ്ക്ക് ആനയിക്കാൻ. ഇതിന് നല്ല ചെലവ് വരും. കോളനിയിലെ എല്ലാവർക്കും സദ്യ നൽകണം. ഇതിനുള്ള തുക പെണ്ണിന്റെ അച്ഛൻ കണ്ടെത്തും വരെ പെൺകുട്ടി ഗുമ്മൻ പുരയിൽ കിടന്ന കാലമുണ്ടായിരുന്നുവെന്ന് ഇവിടെയുള്ളവർ പറയുന്നു.
കാലം മാറിയെങ്കിലും ആചാരാനുഷ്ഠാനങ്ങൾ ഒന്നും വിട്ടുപോകാതെ തന്നെയാണ് പെൺകുട്ടിയെ ചെട്ടിയാലത്തൂരിൽ 40 ഓളം കാട്ടുനായ്ക്കർ കുടുംബങ്ങളാണ് താമസിക്കുന്നത്. കുലദൈവങ്ങളെ പ്രീതിപ്പെടുത്തിയും വനത്തെ സ്നേഹിച്ചുമാണ് ഗോത്രജനതയുടെ വനജീവിതം.