
തിരുവനന്തപുരം: വൈ.എം.സി.എ റോഡിലെ സെക്രട്ടേറിയറ്റ് നടപ്പാത അപകടാവസ്ഥയിൽ. മിക്കയിടത്തും നടപ്പാതയിൽ പാകിയിട്ടുള്ള ഇന്റർലോക്കുകളും സ്ലാബുകളും ഇളകി കിടക്കുന്നു. സെക്രട്ടേറിയറ്റിന്റെ മതിൽ ഏതുനിമിഷവും നിലം പതിക്കാം. കൂടാതെ പലയിടത്തും സെക്രട്ടേറിയറ്റിലെ ക്യാന്റീനിലെ മലിനജലം പൈപ്പ് പൊട്ടി നടപ്പാതയിലേക്ക് ഒഴുകുന്നു. വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും മറ്റ് യാത്രകാരും എപ്പോഴും നടക്കുന്നയിടമാണ്. കല്ലിൽ തട്ടിയോ ഭക്ഷണാവശിഷ്ടങ്ങളിൽ തെന്നിയോ അപകടം സംഭവിക്കാം. കാൽ നടയാത്രകാർ വളരെ ശ്രദ്ധയോടെ വേണം ഇതുവഴി നടക്കാൻ.
നടപ്പാതയിലെ വീഴാറായ ചുറ്റുമതിൽ
പൊട്ടിപ്പൊളിഞ്ഞ് വീഴാറായ ചുറ്റുമതിലിന്റെ അരികത്താണ് വഴിയോര കച്ചവടക്കാർ ഇരിക്കുന്നത്. കേവലം ഒരു കയർ വെച്ചാണ് മതിലിനു മുകളിലുള്ള സുരക്ഷാഗ്രിൽ കെട്ടിവച്ചിരിക്കുന്നത്. ഇത് കാൽനട യാത്രക്കാരുടെയോ കച്ചവടക്കാരുടെയോ പുറത്തേക്ക് ഏതുനിമിഷം വേണമെങ്കിലും പതിക്കാം.
ബന്ധപ്പെട്ട അധികാരികളോട് പലപ്രാവശ്യം പരാതിപ്പെട്ടെങ്കിലും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കച്ചവടക്കാർ പറയുന്നു. മുമ്പ് ഇതേയിടത്ത് സ്ലാബ് പൊട്ടിഒഴുകിയ അവസരത്തിൽ ദുർഗന്ധവും മറ്റും കാരണം ഇവിടെ നവീകരിച്ചതാണ്. ഇപ്പോൾ വീണ്ടും ഇതു തന്നെ അവസ്ഥ. നിലവിൽ കാൽനടയാത്രകാർക്കും കച്ചവടകാർക്കും ഭീക്ഷണിയായിരിക്കികയാണ് നടപ്പാത.