hair

അകാല നര മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി പേരുണ്ട്. പാരമ്പര്യവും കെമിക്കലുകളുടെ ഉപയോഗവുമൊക്കെയാണ് അകാല നരയുടെ പ്രധാന കാരണം. മിക്കവരും മാർക്കറ്റിൽ കിട്ടുന്ന ഹെയർ ഡൈ ആണ് ഉപയോഗിക്കുന്നത്. എന്നാൽ പലപ്പോഴും ഇത് പാർശ്വഫലങ്ങൾക്ക് കാരണമാകാറുണ്ട്.

വീട്ടിലിരുന്നുകൊണ്ട്, പാർശ്വഫലങ്ങളില്ലാതെ, അമിതമായ പണച്ചെലവില്ലാതെ അകാല നരയെ തുരത്താൻ സാധിച്ചാൽ അതല്ലേ ഏറ്റവും നല്ലത്. ഹെന്ന ഉപയോഗിച്ച് അകാലനരയേയും താരനെയുമൊക്കെ അകറ്റാൻ സാധിക്കും. പക്ഷേ ചില സാധനങ്ങൾ കൂടി ചേർക്കണമെന്ന് മാത്രം.

തയ്യാറാക്കുന്ന വിധം

ഹെന്നപ്പൊടി, തൈര്, നെല്ലിക്കാപ്പൊടി, കാപ്പിപ്പൊടി, നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് മാറ്റിവയ്ക്കുക. ഇനി ഒരുപാത്രത്തിൽ വെള്ളമെടുത്ത് തേയിലപ്പൊടി ഇട്ടുകൊടുക്കുക. ശേഷം നന്നായി തിളപ്പിക്കുക. നല്ല കടുപ്പം വേണം. അടുപ്പിൽ നിന്ന് മാറ്റി, ചൂടാറിയശേഷം നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ഹെന്ന പാക്ക് ഇതിലേക്ക് ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. മുട്ടയുടെ വെള്ളം കൂടി ചേർത്തുകൊടുക്കാം.

എണ്ണ തേച്ച് തല നന്നായി മസാജ് ചെയ്തുകൊടുക്കുക. ഇനി ഹെന്ന നരച്ച മുടിയിൽ തേച്ചുകൊടുക്കാം. ഒരു മണിക്കൂറിന് ശേഷം ചെമ്പരത്തി താളി ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയിലൊരിക്കൽ ഇങ്ങനെ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിനും ഉത്തമമാണ്.