തൊടുപുഴ: മുത്തശിയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് തൊടുപുഴ രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജി കോടതി കണ്ടെത്തി. കേസിൽ ജഡ്ജി കെ.എൻ. ഹരികുമാർ ഇന്ന് വിധി പറയും. വണ്ണപ്പുറം കുവപ്പുറം ആറുപങ്കിൽ സിറ്റി പുത്തൻപുരയ്ക്കൽ വേലായുധന്റെ ഭാര്യ പാപ്പിയമ്മയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ പാപ്പിയമ്മയുടെ മകന്റെ മകൻ ശ്രീജേഷിനെയാണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 2020 മേയ് 14ന് രാത്രി പത്തോടെയാണ് കേസിനാസ്പദമായ സംഭവം. പ്രതിയും അച്ഛൻ ശ്രീധരനും പാപ്പിയമ്മയും താമസിച്ചിരുന്ന വീട്ടിൽ വച്ച് പാപ്പിയമ്മയുടെ തലയിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പാപ്പിയമ്മ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ 18ന് മരിച്ചു. കേസിൽ 26 സാക്ഷികളെ വിസ്തരിച്ചു. സാഹചര്യത്തെളിവുകളുടെയും പാപ്പിയമ്മയുടെ മരണ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ശാസ്ത്രീയ തെളിവുകളും പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും നിർണായകമായി. കാളിയാർ എസ്‌.ഐയായിരുന്ന വി.സി. വിഷ്ണുകുമാർ രജിസ്റ്റർ ചെയ്ത് പ്രാഥമികാന്വേഷണം നടത്തിയ കേസിൽ സി.ഐ. ബി.പങ്കജാക്ഷനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഏബിൾ സി. കുര്യൻ ഹാജരായി.