പാലക്കാട്: മാത്തൂർ തണ്ണീരങ്കാട് വീട് കുത്തി തുറന്ന് 17 പവൻ സ്വർണം കവർന്നു. തണ്ണീരങ്കാട് വീട്ടിൽ സഹദേവൻ ജലജ ദമ്പതിമാരുടെ വീട്ടിലാണ് മോഷണം നടന്നത്. കണ്ണാടിയിലെ ബന്ധു വീട്ടിൽ പോയ ഇവർ ചൊവ്വാഴ്ച വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്. വീടിന്റെ മുൻവാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകയറിയത്. അലമാരയിൽ സൂക്ഷിച്ച് സ്വർണം കവർന്ന ശേഷം മോഷ്ടാക്കൾ പിൻഭാഗത്തെ അടുക്കള വാതിലൂടെയാണ് പുറത്ത് കടന്നത്. സ്വർണം മാത്രമാണ് മോഷണം പോയതെന്നും മറ്റൊന്നും കളവ് പോയിട്ടില്ലെന്ന് വീട്ടുകാർ പറഞ്ഞു. വീട്ടുകാരുടെ പരാതിയെ തുടർന്ന് ഇന്നലെ രാവിലെ കുഴൽമന്ദം പൊലീസും വിരലടയാള വിദഗ്‌ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.സി.സി.ടി.വി ഉൾപ്പെടെ പരിശോധിച്ച് മോഷ്ടാക്കളെ പിടികൂടുന്നതിന് അന്വേഷണം ഊർജ്ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം കോട്ടായി വറോഡ് ശാസ്ത്രപുരം സിവിൽ പൊലീസ് സുരേഷിന്റെ വീട്ടിലും മോഷണം ശ്രമം നടന്നു. വിലപിടിപ്പുള്ള സാധനങ്ങൾ വെക്കാത്തതിനാൽ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. വീടിന്റെ മുൻ വശത്തെ കതകിലെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയിട്ടുള്ളത്. അലമാറ കുത്തി തുറന്ന് സാധനങ്ങളെല്ലാം പുറത്ത് വലിച്ചിട്ട നിലയിലായിരുന്നു. കല്ലേക്കാട് പൊലീസ് ക്യാംപിലെ ഉദ്യോഗസ്ഥനായ സുരേഷ് നാലു ദിവസമായി പ്രധാനമന്ത്രിയുടെ പാലക്കാട് സന്ദർശനവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് മോഷണം വിവരം അറിയുന്നത്. സുരേഷ് തനിച്ചാണ് ഇപ്പോൾ വീട്ടിൽ താമസം. പരാതിയെ തുടർന്ന് കോട്ടായി പൊലീസ് കേസെടുത്തു.