ആലത്തൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ പ്രതിക്ക് 13 വർഷം കഠിന തടവും 70000 രൂപ പിഴയും ശിക്ഷവിധിച്ചു. വാനൂർ നാല് സെന്റ് കോളനി നിഷാദ് (34) നെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. 16 വയസ് പ്രായമുള്ള പെൺകുട്ടിയോട് വിവാഹിതനാണെന്ന് മറച്ചുവെച്ച് പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയതാണ് കേസ്. വിവിധ വകുപ്പുകൾ പ്രകാരം 13 വർഷം കഠിനതടവും 70,000 രൂപ പിഴയും എട്ടുമാസം അധിക കഠിനതടവ് അനുഭവിക്കണം. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജി ടി.സഞ്ജുവാണ് ശിക്ഷ വിധിച്ചത്. ആലത്തൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് എസ്.ഐമാരായ കെ.വി.സുധീഷ് കുമാർ, എം.ആർ.അരുൺകുമാർ എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.ശോഭന ഹാജരായി. 14 സാക്ഷികളെ വിസ്തരിച്ച് 31 രേഖകൾ സമർപ്പിച്ചു. എ.എസ്.ഐ സതി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പിഴ തുക കൂടാതെ അതിജീവിതയ്ക്ക് അധിക ധന സഹായവും വിധിച്ചു.