ഒറ്റപ്പാലം: പാവുക്കോണത്ത് നടന്ന അനധികൃത ചന്ദന ഇടപാട് കേസിൽ പിടിയിലായ മൂന്ന് പേരും ഒരേ സംഘത്തിൽപ്പെട്ടവർ. പോലീസ് വനം വകുപ്പിന് കൈമാറിയ കേസിൽ നടന്ന അന്വേഷണത്തിലാണ് മൂന്ന് പേർക്കും ബന്ധമുള്ളതായി വനം വകുപ്പ് കണ്ടെത്തിയത്. പട്ടാമ്പി പൂവക്കോട് വനമേഖലയിൽ നിന്നു ചന്ദനമരം മുറിച്ചു കടത്തിയതിനു പിന്നിലും ഇവരാണെന്നു വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ആക്രിക്കടയുടെ മറവിൽപാവുക്കോണം കോട്ടക്കുളത്ത് ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 2906 കിലോ ചന്ദനം പിടിച്ച കേസിൽ അറസ്റ്റിലായ വാടാനാംകുറുശി പുതുക്കാട്ടിൽ ഹസനെയും (42) സമീപത്തെ ക്വാറിയിൽ നിന്നു ചന്ദനമരം മുറിച്ചു കടത്തിയ കേസിൽ അറസ്റ്റിലായ അഷ്ടത്തുമന കോളനിയിലെ ധനേഷിനെയും (33) മൂലയിൽത്തൊടി രാധാകൃഷ്ണനെയും (48) കോടതി മുഖേന കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിലാണ് പൂവക്കോട്ടേ കേസിനു കൂടി തുമ്പായത്. മൂവരെയും പൂവക്കോട് വനമേഖലയിലെത്തിച്ചു തെളിവെടുത്തു. ഇവിടെ നിന്നു മുറിച്ച ചന്ദനം വിറ്റെന്നാണു മൊഴി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിപ്പിച്ചതായി വനം വകുപ്പ് അറിയിച്ചു. അതേസമയം, പാവുക്കോണത്തെ കേസുകളിൽ തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനുമായി മൂവരെയും വീണ്ടും വനം വകുപ്പ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി വീണ്ടും കോടതിയിൽ അപേക്ഷ നൽകുമെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.പി ജിനേഷ് അറിയിച്ചു. ഇവരുടെ ചന്ദന ഇടപാടുകളെ കുറിച്ചു സമഗ്രമായി അന്വേഷിക്കാനാണു വനപാലകരുടെ നീക്കം. ചന്ദനം വാങ്ങുന്നതും വിൽക്കുന്നതുമായ കേന്ദ്രങ്ങൾ, ഇടപാടുകാർ, ഇടനിലക്കാർ എന്നിവരെ കുറിച്ചാണ് അന്വേഷണം. കഴിഞ്ഞ ബുധനാഴ്ചയാണ് കോട്ടക്കുളത്തെ തറവാട്ടു വീടിനോടു ചേർന്ന ആക്രി സാധനങ്ങളുടെ ഗോഡൗണിൽ വൻ ചന്ദനശേഖരം സൂക്ഷിച്ചതിന് ഹസനും പാവുക്കോണത്തെ ക്വാറിയിൽ നിന്ന് ഫെബ്രുവരിയിൽ ചന്ദനമരം മുറിച്ചുകടത്തിയ കേസിൽ മറ്റു 2 യുവാക്കളും ഒറ്റപ്പാലം പൊലീസിന്റെ പിടിയിലായത്. പിന്നീട് കേസുകൾ തുടന്വേഷണത്തിനായി വനം വകുപ്പിന് കൈമാറുകയായിരുന്നു.