ഏറ്റുമാനൂർ : കാനഡയിൽ കെയർടേക്കർ ജോലി നൽകാമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്ന് പലതവണയായി 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. എറണാകുളം അങ്കമാലി ചെമ്പന്നൂർ ഭാഗത്ത് പറോക്കാരൻ വീട്ടിൽ ഡേവിസ് (67) നെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തെള്ളകം സ്വദേശിയുടെ ഭാര്യയാണ് തട്ടിപ്പിനിരയായത്. ജോലി ലഭിക്കുന്നതിനായി ആദ്യം രണ്ടര ലക്ഷം രൂപ മാത്രം മുടക്കിയാൽ മതിയെന്നും ബാക്കി തുക ജോലി ലഭിച്ചതിന് ശേഷം നൽകിയാൽ മതിയെന്നുമാണ് പറഞ്ഞത്. എന്നാൽ വ്യാജമായി നിർമ്മിച്ച കാനഡയിലെ വർക്ക് പെർമിറ്റും മറ്റും കാണിച്ച് 10 ലക്ഷം തട്ടിയെടുക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ ഷോജോ വർഗീസ്, എസ്.ഐ സൈജു.കെ, എ.എസ്.ഐ സജി, സി.പി.ഒമാരായ ഡെന്നി, അനീഷ്, മനോജ് കെ.പി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.