
കൃഷി എന്നുകേൾക്കുമ്പോൾ ഒട്ടുമിക്കവരുടെയും മനസിൽ വരുന്നത് ആയിരക്കണക്കിന് രൂപ മുടക്കിയുളള വൻ കൃഷി രീതികളാണ്. ഇതാണ് ഏറ്റവും വലിയ പ്രശ്നനവും. വൻ മുതൽമുടക്കിൽ ചെയ്യുന്ന കൃഷികൾ ക്ളച്ചുപിടിച്ചില്ലെങ്കിൽ നഷ്ടമാവുക വൻ തുകയായിരിക്കും. പിടിച്ചുനിൽക്കാൻ പോലുമാവാത്ത അവസ്ഥയാവും പിന്നെ.
ഇങ്ങനെയൊരു അവസ്ഥ വരാതിരിക്കാൻ മുൻകരുതൽ എടുക്കുന്നവർക്ക് സ്വീകരിക്കാവുന്ന ഒന്നാണ് പത്തുമണി കൃഷി. തീരെ കുറഞ്ഞ മുതൽ മുടക്കേ ഇതിന് വേണ്ടിവരൂ. വിദേശിയും സ്വദേശിയും ഉൾപ്പടെ മുന്നൂറിലേറെ ഇനങ്ങളാണുള്ളത്. ആദ്യം നമ്മുടെ നാട്ടിൽ കിട്ടുന്ന വെറൈറ്റികൾ ഉപയോഗിച്ച് കൃഷി തുടങ്ങാം. ആവശ്യക്കാരുടെ എണ്ണവും വരുമാനവും കൂടുന്നതിന് അനുസരിച്ച് മാത്രംമതി വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്നത്.
ചെറിയ ചട്ടികളിലോ, പ്ലാസ്റ്റിക് ബെയ്സിനുകളിലോ, നിലത്തോ ചെടി നട്ടുവളർത്താം. ചാണകപ്പൊടിയും, വെർമി കമ്പോസ്റ്റും ചകിരിച്ചോറും ചേർന്ന മിശ്രിതമാണ് ചെടി നടാൻ ഇപയോഗിക്കേണ്ടത്. അങ്ങനെയെങ്കിൽ ചെടികൾ വളരെപ്പെട്ടെന്ന് കരുത്തോടെ വളരും. ഇതിൽ നിന്ന് പുഷ്ടിയുള്ള തണ്ടുകൾ ശേഖരിച്ച് കവറിലോ ചെറുചട്ടികളിലോ നടാം. ഇതാണ് വിൽപ്പനയ്ക്ക് ഉപയോഗിക്കേണ്ടത്. തണ്ടുകൾ വാടാതെ ആവശ്യക്കാർക്ക് നേരിട്ട് അയച്ചുകൊടുക്കുകയും ചെയ്യാം. കവറിലുളള ഒരു ചെടിക്ക് അഞ്ചുരൂപവരെ കിട്ടും. ഒന്നിച്ച് നഴ്സറികൾക്കാണ് വിൽക്കുന്നതെങ്കിൽ വില അല്പം കുറയും. പക്ഷേ, ഒരുമിച്ച് കൂടുതൽ ചെടികൾ വിറ്റുപോകുന്നതുകൊണ്ട് നേട്ടമുണ്ടാവും. ചെടിച്ചട്ടികളിലാണ് വിൽപ്പനയെങ്കിൽ ചട്ടിയുടെ വലിപ്പത്തിനനുസരിച്ച് വില മാറും. മികച്ച ചെടികളാണ് നൽകുന്നതെങ്കിൽ ആൾക്കാർ അന്വേഷിച്ചെത്തുമെന്നത് ഉറപ്പാണ്. ചെടികൾ തമ്മിൽ പരാഗണം ചെയ്യിക്കാൻ അറിയാവുന്നവർക്കാണെങ്കിൽ കൂടുതൽ വെറൈറ്റികൾ സ്വന്തമായി ഉണ്ടാക്കുകയും ചെയ്യാം. സോഷ്യൽമീഡിയയെ കൂട്ടുപിടിച്ചും വിൽപ്പനയെ പരിപോഷിപ്പിക്കാം.
കാര്യമായ കീടരോഗബാധയൊന്നും പത്തുമണിച്ചെടികളെ ബാധിക്കില്ല. നല്ല വെയിലുള്ള സമയമാണെങ്കിൽ നന്നായി പൂവിടും. മഴക്കാലത്ത് പൂവുകളുടെ എണ്ണം കുറയും. വെള്ളം ചെടികളുടെ ചുവട്ടിൽ തങ്ങിനിൽക്കാതിരിക്കാൻ എപ്പോഴും പ്രത്യേകം ശ്രദ്ധിക്കണം.