
പവൻ വില 50,000 രൂപയിലേക്ക് അടുക്കുന്നു
ഇന്നലെ സ്വർണം പവന് 800 രൂപ ഉയർന്ന് 49,440 രൂപയിലെത്തി
കൊച്ചി: മുഖ്യ പലിശ നിരക്ക് ജൂണിൽ കുറച്ചേക്കുമെന്ന് അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് സൂചന നൽകിയതോടെ ആഗോള വിപണിയിൽ സ്വർണ വില ഇന്നലെ പുതിയ ഉയരങ്ങളിലെത്തി. സിംഗപ്പൂർ വിപണിയിൽ സ്വർണ വില ഇന്നലെ ഒരവസരത്തിൽ ഔൺസിന് 2223 ഡോളർ വരെ ഉയർന്നു, ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാനത്ത് സ്വർണ വില പവന് 800 രൂപ ഉയർന്ന് 49,440 രൂപയിലെത്തി. ഗ്രാമിന്റെ വില നൂറ് രൂപ വർദ്ധിച്ച് 6,180 രൂപയിലെത്തി. ഇപ്പോഴത്തെ വാങ്ങൽ താത്പര്യം തുടർന്നാൽ നടപ്പുവാരം പവൻ വില ചരിത്രത്തിലാദ്യമായി 50,000 രൂപയിലെത്തിയേക്കും. ബുധനാഴ്ച സ്വർണ വില 48,640 രൂപയായിരുന്നു.കഴിഞ്ഞ ഇരുപത് ദിവസത്തിനിടെ പവൻ വിലയിൽ 3,120 രൂപയുടെ വർദ്ധനയുണ്ടായി. ഒരു വർഷത്തിനിടെ പവന് 5,440 രൂപയാണ് കൂടിയത്.
ബുധനാഴ്ച പ്രഖ്യാപിച്ച ധനനയത്തിൽ ഫെഡറൽ റിസർവ് മാറ്റം വരുത്തിയില്ലെങ്കിലും ഈ വർഷം മൂന്ന് തവണ പലിശ കുറയ്ക്കാനിടയുണ്ടെന്ന് ചെയർമാൻ ജെറോം പവൽ സൂചന നൽകിയതാണ് സ്വർണ വിലയിൽ കുതിപ്പ് സൃഷ്ടിച്ചത്.
കുതിപ്പിന് പിന്നിൽ
അമേരിക്കയിൽ പലിശ കുറയുമെന്ന പ്രതീക്ഷയിൽ ബാേണ്ടുകളുടെ മൂല്യയിടിവ്
സാമ്പത്തിക മാന്ദ്യ ഭീതിയിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ പ്രിയം കൂടുന്നു
പുടിൻ വീണ്ടും അധികാരത്തിലെത്തിയതോടെ രാഷ്ട്രീയ സംഘർഷം ശക്തമാകുമെന്ന ആശങ്ക
അമേരിക്കയിൽ പലിശ നിരക്ക് ഈ വർഷം മൂന്ന് തവണ കുറയ്ക്കുമെന്ന സൂചന നൽകിയതിനാൽ യു. എസ് ബോണ്ടുകളുടെ മൂല്യത്തിൽ ഇടിവ് ശക്തമായേക്കും. സാമ്പത്തിക അനിശ്ചിതത്വ കാലത്തെ ഏറ്റവും സുരക്ഷിത നിക്ഷേപം സ്വർണമാണ്.
കെ. ആർ ബിജിമോൻ
എക്സിക്യുട്ടിവ് ഡയറക്ടർ
മുത്തൂറ്റ് ഫിനാൻസ്