photo

നെടുമങ്ങാട്: ടൗണിൽ വ്യാപാര സ്ഥാപനങ്ങൾ കുത്തിത്തുറന്ന് മോഷണം പതിവാകുന്നു. കച്ചേരിനട - ചന്തമുക്ക് റോഡിലെ ഫ്ലവർ മാർട്ട്, സ്റ്റുഡിയോ, കളമച്ചൽ കൈത്തറി, ബേക്കറി, ഫാൻസി, ഫ്രൂട്ട്സ്‌കട എന്നിവിടങ്ങളിലാണ് ഒടുവിൽ കവർച്ച നടന്നത്. മേൽക്കൂര ഷീറ്റുകൾ മുറിച്ച് മാറ്റി കടകളിൽ പ്രവേശിച്ച മോഷ്ടാവിനെ സിസി.ടി.വി കാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഫ്ലവർ മാർട്ടിന്റെ ക്യാഷ് കൗണ്ടർ പൊളിച്ച് 15,000 രൂപയും ഫാൻസിയുടെ മേശവലിപ്പിൽ നിന്ന് 20,000 രൂപയും മോഷ്ടിച്ചു. ഒരുമാസം മുമ്പ് ബാങ്ക് ജംഗ്‌ഷൻ - തട്ടാപ്പാളയം റോഡിലെ ജൂവലറി കുത്തിത്തുറന്ന് ലക്ഷങ്ങൾ വിലവരുന്ന സ്വർണം വെള്ളി ആഭരണങ്ങളും അപഹരിച്ചിരുന്നു. ഈ കേസിൽ പ്രതികൾ പൊലീസിന്റെ വലയിലായെങ്കിലും ആഭരണങ്ങൾ പൂർണമായി കണ്ടെടുക്കാനായില്ല. റൂറൽ പൊലീസിന്റെ ആസ്ഥാന താലൂക്കും റവന്യു ഡിവിഷൻ കേന്ദ്രവുമായിരുന്നിട്ടും മോഷണ പരമ്പര തടയാൻ പൊലീസ് ഒന്നും ചെയ്യുന്നില്ലെന്ന് വ്യാപക ആക്ഷേപമുണ്ട്. മോഷ്ടാവിനെ ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും വ്യാപാര സ്ഥാപനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കച്ചേരി, ചന്തമുക്ക്, പഴകുറ്റി യൂണിറ്റ് ഭാരവാഹികൾ ആവശ്യപ്പെട്ടു.