smriti-m-krishna

യോഗയും ധ്യാനവും പരിശീലിപ്പിച്ചും ഇന്ത്യൻ ആത്മീയമൂല്യങ്ങൾ പകർന്നും ഓസ്ട്രേലിയൻ സൈനികരുടെ മാനസിക പിരിമുറക്കം കുറയ്ക്കാനുള്ള ദൗത്യവുമായി മലയാളി വനിത. തിരുവനന്തപുരം വഴുതയ്ക്കാട് സ്വദേശി സ്‌മൃതി എം. കൃഷ്ണ (50)​ ഓസ്ട്രേലിയൻ പ്രതിരോധസേനയുടെ ചരിത്രത്തിലെ ആദ്യ ഇന്ത്യൻ 'ചാപ്ലെയിൻ ക്യാപ്റ്റൻ' ആയി 19ന് ചുമതലയേറ്റു. സൈനികർക്ക് ആഴ്ചയിൽ രണ്ടുദിവസം ക്ളാസെടുക്കണം. യുദ്ധഭൂമിയിലും പോകേണ്ടിവരും. ആയുധപരിശീലനവും നേടണം.

എഴുത്തുകാരനും സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലാബ് മുൻ ഡയറക്ടറുമായ അന്തരിച്ച ഡോ. മുരളീകൃഷ്ണയുടെ മകളാണ്. കുടുംബസമേതം ഓസ്ട്രേലിയയിലെ മെൽബണിലാണ്. ഒന്നരവർഷം നീണ്ട ഏഴ് ഘട്ടങ്ങൾ കടന്നാണ് സ്മൃതിയുടെ നേട്ടം.165പേരിൽ നിന്നാണ് തിരഞ്ഞെടുത്തത്. ജിമ്മിൽ പരിശീലനം നടത്തിയാണ് കായികക്ഷമത പരീക്ഷ കടന്നത്. പതിനഞ്ച് വർഷമായി തുടരുന്ന സാമൂഹികസേവനവും കുടിയേറ്റക്കാരായ വിദ്യാർത്ഥികൾക്കും വൃദ്ധർക്കും മെന്ററിംഗ് നൽകിയതും ക്യാൻസർ രോഗികൾക്ക് സാന്ത്വനമേകിയതും കണക്കിലെടുത്തു.

women

സുവോളജിയിൽ എം.ഫിലും ആർ.സി.സിയിൽ നിന്ന് ക്യാൻസർ ബയോളജിയിൽ പി.എച്ച്ഡിയും നേടി. 2009ൽ ഓസ്ട്രേലിയ ജെയിംസ് കുക്ക് യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം. സ്‌കൂൾ ഓഫ് മെഡിസിനിൽ അദ്ധ്യാപികയായി. ഇപ്പോൾ സ്റ്റെംസെൽ ചികിത്സയിൽ ഗവേഷണം നടത്തുന്നു. ക്ലിനിക്കൽ പാസ്റ്റൊറൽ എഡ്യുക്കേഷൻ കോഴ്സും ചെയ്യുന്നു.

ചാപ്ലെയിൻ ക്യാപ്റ്റൻ

സൈന്യത്തിൽ ജാതി, മത ഭേദമില്ലാതെ എല്ലാവർക്കും ആദ്ധ്യാത്മിക മാനസിക പിന്തുണ നൽകുന്നവരാണ് ചാപ്ലെയിൻ ക്യാപ്റ്റൻ. പലരാജ്യങ്ങളിലും സൈന്യത്തിൽ ഈ തസ്തികയുണ്ട്.ക്രിസ്ത്യൻ സ്ഥാപനങ്ങളിൽ ആദ്ധ്യാത്മിക ചുമതലയുള്ള വൈദികനെയും ചാപ്ലെയിൻ എന്നാണ് പറയുന്നത്.