pic

വാഷിംഗ്ടൺ: അരുണാചൽ പ്രദേശിന്റെ പേരിൽ ഇന്ത്യക്കെതിരെ ചൈന നടത്തുന്ന അവകാശവാദങ്ങൾ തള്ളി യു.എസ്. അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമാണെന്നും യഥാർത്ഥ നിയന്ത്രണരേഖ കടന്നുള്ള അവകാശവാദങ്ങളെയും കൈയേറ്റങ്ങളെയും ശക്തമായി എതിർക്കുന്നെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉപവക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു. അടുത്തിടെ അരുണാചലിൽ ഇന്ത്യ - ചൈന അതിർത്തിയിലെ സേലാ ടണൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ ചൈന രംഗത്തെത്തിയിരുന്നു. അരുണാചലിനെ ഇന്ത്യ അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുകയാണെന്നും അരുണാചലിന് മേലുള്ള അവകാശം അംഗീരിക്കില്ലെന്നുമാണ് ചൈന പ്രതികരിച്ചത്. അരുണാചൽ ചൈനയുടെ പരമ്പരാഗത ഭാഗമാണെന്ന് ചൈനീസ് മിലിട്ടറിയും അവകാശപ്പെട്ടിരുന്നു. പിന്നാലെ അരുണാചൽ അന്നും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് വിദേശകാര്യ മന്ത്രാലയം മറുപടി നൽകി. അരുണാചലിൽ ഇന്ത്യൻ നേതാക്കൾ നടത്തുന്ന സന്ദർശനങ്ങളെയോ വികസനപദ്ധതികളെയോ എതിർക്കാൻ ചൈനയ്ക്ക് അവകാശമില്ലെന്നും വ്യക്തമാക്കി.