1

നെയ്യാറ്റിൻകര: പരശുവയ്ക്കൽ കൊല്ലിയോട് എസ്‌.ബി സദനത്തിൽ സഹോദരങ്ങളായ രാധാകൃഷ്ണൻ, ഭാസി എന്നിവരെ രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി കൊലപെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളായ പരശുവയ്ക്കൽ കൊല്ലിയോട് ജി.എസ്‌ ഭവനിൽ കിഗ്സ്ലി (53, സിലി), പരശുവയ്ക്കൽ ആലുനിന്നവിള കരയ്ക്കാടു എം.ഇ ഭവനിൽ ഷിജിൻ (41, ഷാജിൻ) എന്നിവരെ 7 വർഷം കഠിന തടവിനും 25000 രൂപ പിഴയ്ക്കും വിധിച്ചുകൊണ്ട് നെയ്യാറ്റിൻകര അഡിഷണൽ ജില്ല സെഷൻസ് കോടതി ജഡ്ജി എ.എം ബഷീർ ഉത്തരവായി. 2007 മേയ് 24ന് രാത്രി 10ഓടെയാണ് കേസിനാസ്‌പദമായ സംഭവം. പ്രതികൾ ആയുധങ്ങളുമായി വീട് അതിക്രമിച്ചു കയറി സഹോദരങ്ങളെ മാരകമായി വെട്ടി പരിക്കേല്പിക്കുകയായിരുന്നു. പ്രതികളായവർ സ്പിരിറ്റുകടത്തുന്ന വിവരം രാധാകൃഷ്ണനും ഭാസിയും എക്സൈസിലെ അറിയിച്ചതിലുള്ള വിരോധമാണ് കൊലപാതക ശ്രമത്തിന് കാരണമായത്. പ്രതികളിൽ ഒരാളായ ഗോഡ്‌വിൻ ജോസ് മരണപെട്ടിരുന്നു. പാറശാല പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന സുരേഷ് കുമാർ അന്വേഷണം നടത്തി ഫയൽ ചെയ്ത കേസിൽ പ്രോസിക്യുഷനു വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യുട്ടർ സി.ഡി. ജസ്റ്റിൻ ജോസ് ഹാജരായി.